pt-thomas

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ കണ്ണുകൾ ദാനം ചെയ്തു. . ഇന്ന് രാവിലെ 10.45 ന് വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

അ‌ർബുദത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആരോഗ്യനില വഷളാവുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇന്ന് രാത്രിയോടെ മൃതദേഹം ഇടുക്കിയിലേക്ക്കൊണ്ടുപോകും. തുടർന്ന് രാവിലെ ആറു മണിക്ക് പാലാരിവട്ടത്തെ വസതിയിൽ അടുത്ത ബന്ധുക്കൾക്കും സമീപവാസികൾക്കുമായി പൊതുദർശനത്തിനു വയ്ക്കും. ശേഷം ഏഴു മണിക്ക് പാലരിവട്ടത്തു നിന്നു തമ്മനം വഴി ഡിസിസി ഓഫിസിൽ എത്തിച്ച് പാർട്ടി പ്രവർത്തർക്കും സഹ പ്രവർത്തകർക്കുമായി പൊതുദർശനത്തിനു വയ്ക്കും. എട്ടരയോടെ എറണാകുളം നോർത്ത് ടൗൺ ഹാളിൽ എത്തിക്കും. തുടർന്ന് ഒന്നരയ്ക്ക് പി ടി തോമസിന്റെ നിയോജകമണ്ഡലമായ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ എത്തിക്കും. അഞ്ചു മണിക്ക് അവിടെ നിന്ന് എടുത്ത് അഞ്ചരയോടെ രവിപുരം ശ്മശാനത്തിൽ സംസ്കരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

മൃതദേഹം ദഹിപ്പിക്കണമെന്നും റീത്ത് വയ്ക്കരുതെന്നും അന്ത്യോപചാര സമയത്ത് 'ചന്ദ്രകളഭം' എന്ന പാട്ട് കേൾപ്പിക്കണമെന്നതുമാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിൽ പറയുന്നത്. പി ടിയുടെ ആവശ്യപ്രകാരം നവംബർ 22നാണ് അന്ത്യാഭിലാഷം എഴുതി വച്ചത്. നാളെ വൈകിട്ട് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.