indian-rafale-

ഇസ്ലാമാബാദ് : ഇന്ത്യ ഫ്രാൻസിൽ നിന്നും അത്യാധുനിക റഫാലുകൾ മുപ്പത്തിയാറെണ്ണത്തിന് ഓർഡർ നൽകിയത് മുതൽ പാകിസ്ഥാൻ സമ്മർദ്ദത്തിലാണ്. ഇന്ത്യൻ റഫാലുകൾ ബാച്ചുകളായി എത്തി തുടങ്ങിയപ്പോൾ പാക് ചങ്കിടിപ്പ് ഉച്ചത്തിലായി. രാജ്യത്തിനകത്ത് നിന്നും പുതിയ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനായുള്ള മുറവിളി ആരംഭിച്ചു. എന്നാൽ സാമ്പത്തികമായി കഷ്ടകാലമായതും, തീവ്രവാദ രാഷ്ട്രമെന്ന ചീത്തപ്പേരുള്ളതിനാൽ മികച്ച യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങൾ മുഖം തിരിച്ചതും പാകിസ്ഥാന് തിരിച്ചടിയായി. പിന്നെ പാകിസ്ഥാന് ആശ്രയിക്കാൻ ഒരു രാജ്യമേ ഉണ്ടായിരുന്നുള്ളു, അത് ചൈനയാണ്.

ചൈനയും പാകിസ്ഥാനും സംയുക്തമായി ജെഎഫ്17 തണ്ടർ എന്ന വിമാനം നിർമ്മിച്ചിട്ടുണ്ടെങ്കിലും, വിമാനത്തിന്റെ പ്രത്യേകത അറിയാവുന്നതിനാൽ ചൈനീസ് സൈന്യം ഇതുവരെയും അവരുടെ സേനയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാകിസ്ഥാനിലുള്ള ജെഎഫ്17 തണ്ടർ പകുതിയും കട്ടപ്പുറത്താണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു, നിരവധി വിമാനങ്ങൾ പരിശീലന പറക്കലിലും മറ്റും തകരുകയും ചെയ്തു. ഇതിനാൽ ചൈനയിൽ നിന്നും മറ്റൊരു വിമാനമാണ് പാകിസ്ഥാൻ വാങ്ങാൻ ശ്രമിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചൈനയിൽ നിന്ന് 36 ജെ10സി വിമാനങ്ങൾ വാങ്ങാനാണ് പാക് ശ്രമം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.

ഫ്രഞ്ച് നിർമ്മിത റാഫാൽ ജെറ്റുകൾ ഇന്ത്യയിലേക്ക് എത്തുന്നത് പൂർത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ദക്ഷിണേഷ്യയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ പുതിയ വിമാനങ്ങൾ വേണം എന്ന ആവശ്യമാണ് ജെ10സി വിമാനങ്ങളിലൂടെ പൂർത്തിയാക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ പാകിസ്ഥാനും ചൈനയും കരാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ഇടപാടിനെതിരെ പാകിസ്ഥാനിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ജെ10സി റഫാലിനോളം മികച്ചതല്ലെന്നാണ് പാക് വിദഗ്ദ്ധരടക്കം മുന്നറിയിപ്പ് നൽകുന്നത്. ജെ10സിയുടെ ഗുണവിശേഷങ്ങളുമായി സാമ്യമുള്ള എഫ്16 ഇപ്പോൾ തന്നെ പാകിസ്ഥാന്റെ കൈവശമുള്ളതിനാൽ പിന്നെ എന്തിനാണ് ജെ10സി എന്നാണ് അവരുടെ ചോദ്യം.