
തിരുവനന്തപുരം: വസ്ത്രങ്ങളുടെ ജി എസ് ടി നിരക്ക് അഞ്ചിൽ നിന്ന് 12 ശതമാനമാക്കി ഉയർത്തുന്നതിൽ പ്രതിഷേധിച്ച് കേരളത്തിലെ വസ്ത്ര വ്യാപാരികൾ പ്രക്ഷോഭത്തിലേയ്ക്ക്. ഡിസംബർ 28ന് സംസ്ഥാനത്തെ എല്ലാ ജി എസ് ടി ഓഫീസുകളിലേയ്ക്കും രാവിലെ 11ന് ധർണയും മാർച്ചും നടത്താനാണ് തീരുമാനം. 2022 മുതലാണ് വസ്ത്രങ്ങൾക്ക് പുതിയ ജി എസ് ടി നിരക്ക് പ്രാബല്യത്തിൽ വരുന്നത്. എല്ലാത്തരം വസ്ത്രങ്ങൾക്കും 12 ശതമാനമായാണ് ജി എസ് ടി വർദ്ധിച്ചിരിക്കുന്നത്.
മുൻപ് ആയിരത്തിനു മുകളിൽ വിലവരുന്ന തുണിത്തരങ്ങൾക്കായി അഞ്ച് ശതമാനം ജി എസ് ടിയാണ് ചുമത്തിയിരുന്നത്. എന്നാൽ വർദ്ധിക്കുന്ന നിരക്കനുസരിച്ച് ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടും. പുതിയ നിരക്ക് വസ്ത്ര വിപണന മേഖലയുടെ നട്ടെല്ലൊടിക്കും എന്നാണ് വ്യാപാരികൾ പറയുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത് ജനദ്രോഹ നടപടിയാണെന്നും ഇതിനെതിരെയാണ് ഡിസംബർ 28ന് മാർച്ചും ധർണയും നടത്തുന്നതെന്നും കേരള ടെക്സ്റ്റയിൽസ് ആന്റ് ഗാർമെന്റ്സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
മുപ്പതിനായിരത്തോളം വസ്ത്ര വ്യാപാരികളാണ് സംസ്ഥാനത്ത് ജിഎസ്ടി പരിഷ്ക്കരണം മൂലം പ്രതിസന്ധി നേരിടാന്‍ പോകുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ടുലക്ഷത്തോളം കുടുംബങ്ങളും പട്ടിണിയിലാകും. 75വര്‍ഷമായി തുണിത്തരങ്ങള്‍ക്ക് ഇങ്ങനെയൊരു നികുതി ചുമത്തിയിട്ടില്ലെന്നും ഇത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെടണമെന്നുാണ് വ്യാപാരികൾ പറയുന്നത്.