
ആറന്മുള: മണ്ഡലപൂജയ്‌ക്ക് ശബരിമലയിൽ ശ്രീശബരീശ വിഗ്രഹത്തിൽ ചാർത്താനുളള തങ്കഅങ്കിയും വഹിച്ചുകൊണ്ടുളള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. രാവിലെ ഏഴിന് ശബരിമല ക്ഷേത്ര മാതൃകയിൽ പ്രത്യേകം അലങ്കരിച്ച രഥത്തിലാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത്.

തിരുവിതാംകൂറിന്റെ അവസാന നാടുവാഴിയായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമ്മ 1973ൽ ശബരിമലയിൽ നടയ്‌ക്കുവച്ച 451 പവൻ തൂക്കമുളളതാണ് തങ്ക അങ്കി. ഇന്ന് രാവിലെ അഞ്ച് മുതൽ ഏഴ് വരെ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്കായി ദർശനം അനുവദിച്ച ശേഷമാണ് തങ്ക അങ്കി ഘോഷയാത്ര തുടങ്ങിയത്. റാന്നി എംഎൽഎ പ്രമോദ് നാരായണൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ജില്ലാ കളക്‌ടർ ദിവ്യ എസ്.അയ്യർ, ദേവസ്വം അംഗം പി.എം തങ്കപ്പൻ, മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ, ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ എ.ബൈജു, തിരുവാഭരണം കമ്മീഷണർ എസ്.അജിക്‌കുമാർ എന്നിവർ യാത്രയയക്കാൻ എത്തി.

ആറന്മുള മൂർത്തിട്ട ഗണപതി ക്ഷേത്രം,പുന്നംതോട്ടം,ചവിട്ടുകുളം,നെടുമ്പ്രയാർ, കോഴഞ്ചേരി,പാമ്പാടിമൺ, ഇലന്തൂർ, ഇലവുംതിട്ട ദേവി ക്ഷേത്രം, മുട്ടത്തുകോണം,ഊപ്പമൺ വഴി ഇന്ന് രാത്രി എട്ടോടെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെത്തി അവിടെ തങ്ങും.
തുടർന്ന് നാളെ രാവിലെ എട്ടിന് യാത്ര പുറപ്പെട്ട് കൊടുന്തറ, അഴൂർ, പത്തനംതിട്ട ശാസ്‌താ ക്ഷേത്രം,കടമ്മനിട്ട, കോട്ടേപാറ,ഇളകൊളളൂർ, കോന്നി തുടങ്ങി വിവിധയിടങ്ങളിൽ സ്വീകരണങ്ങളേറ്റുവാങ്ങി ഘോഷയാത്ര കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തും.

24ന് മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്നും ചിറ്റൂർ മഹാദേവ ക്ഷേത്രം,അട്ടച്ചാക്കൽ,മലയാലപ്പുഴ, മണ്ണാറക്കുളഞ്ഞി ഉതിമൂട്, റാന്നി രാമപുരം ക്ഷേത്രം, തുടർന്ന് ഇടക്കുളം, പ്രയാർ, മാടമൺ വഴി പെരുനാട് ക്ഷേത്രത്തിൽ എത്തിച്ചേരും. 25ന് പെരുനാട്,ളാഹ, വഴി ഉച്ചയ്‌ക്ക് ഒന്നരയോടെ പമ്പയിലെത്തും. ഇവിടെ ഗണപതി ക്ഷേത്രത്തിൽ മൂന്നുമണി വരെ ഭക്തർക്ക് ദർശനം. ശേഷം അഞ്ച് മണിയോടെ ശരംകുത്തിയിൽ, ആചാരപൂർവം സ്വീകരിച്ച് 6.30ഓടെ സന്നിധാനത്തെത്തും. ശേഷം തങ്കഅങ്കി ചാർത്തി ദീപാരാധന നടത്തും.