kca

ജയ്പൂർ: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളത്തിന്റെ വിസ്മയക്കുതിപ്പിന് ക്വാർട്ടറിൽ സർവീസസ് ഫുൾസ്റ്റോപ്പിട്ടു.

ജയ്പൂരിൽ ഇന്നലെ നടന്ന ക്വാർട്ടറിൽ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെതകർന്നപ്പോൾ 7 വിക്കറ്രിനാണ് കേരളത്തിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം 40.4 ഓവറിൽ ഓൾഔട്ടായി. മറുപടിക്കിറങ്ങിയ സർവീസസ് 30.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (176/3).

106 പന്ത് നേരിട്ട് 85 റൺസെടുത്ത ഓപ്പണർ രോഹൻ എസ്. കുന്നുമ്മലിന് മാത്രമാണ് കേരളത്തിന്റെ ബാറ്റിംഗ് നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ. 7 ഫോറും 2സിക്സും ഉൾപ്പെട്ടതാണ് രോഹന്റെ ഇന്നിംഗ്സ്. വിനീൂപ് മനോഹരനും (41) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രോഹും വിനൂപും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 81 റൺസാണ് കേരള ഇന്നിംഗ്സിലെ നട്ടെല്ലായത്. സച്ചിൻ ബേബിയാണ് (12) രണ്ടക്കം കടന്ന മറ്റൊരു കേരള ബാറ്റർ. 2/105 എന്ന നിലയിൽ നിന്നാണ് 70 റൺസെടുക്കുന്നതിനിടെ കേരളത്തിന്റെ 8 വിക്കറ്റുകളും നിലംപൊത്തിയത്. അവസാന 5 വിക്കറ്റുകൾ 14 റൺസിനുള്ളിൽ വീണു.മുഹമ്മദ് അസ്ഹറുദ്ദീൻ (7)​, ക്യാപ്ടൻ സഞ്ജു സാംസൺ (2)​,​ ജലജ് സ്കസേന (0)​,​ വിഷ്ണു വിനോദ് (4), സിജോമോൻ ജോസഫ് (9), മനു കൃഷ്ണൻ (4), എം.ഡി. നിധീഷ് (0), ബേസിൽ തമ്പി (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. സർവീസസിനായി ദിവേഷ് പത്താനി മൂന്നും അഭിഷേക്,​ നരാംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടിക്കിറങ്ങിയ സർവീവസസിനെ രവി ചൗഹാനും (95)​,​ ക്യാപ്ടൻ രജത് പലിവാളും (65)​ പ്രശ്നമില്ലാതെ വിജയലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മനുകൃഷ്ണൻ കേരളത്തിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മറ്റൊരു ക്വാർട്ടറിൽ വിദർഭയെ ഏഴ് വിക്കറ്റിന് കീഴടക്കി സൗരാഷ്ട്രയും സെമിയിൽ എത്തി.