pink-police-

കൊച്ചി : ആറ്റിങ്ങലിൽ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് കോടതി. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയിൽ നിന്നും ഒഴിവാക്കണം, കൂടാതെ ജനങ്ങളുമായി ഇടപെടാൻ പ്രത്യേക പരിശീലനം കൊടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാർക്ക് കോടതി ചെലവിലേക്ക് 25000 രൂപ നൽകാനും കോടതി ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് സർക്കാരിന്റെ നിലപാട് മാറ്റത്തെ വിമർശിച്ച സിംഗിൾബെഞ്ച് ഹർജി വിശദമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പൊലീസിന്റെ പക്കലുള്ള സംഭവത്തിന്റെ വീഡിയോ ദൃശ്യം ഹാജരാക്കാൻ അവശ്യപ്പെട്ടിരുന്നു.

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് എട്ടു വയസുകാരി പിതാവ് മുഖേന നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിച്ചത്. ഓഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് മൊബൈൽ കാണാനില്ലെന്നു പറഞ്ഞ് പൊലീസ് വിചാരണ ആരംഭിച്ചത്.