gftfhyghg

ടെൽ അവീവ് : രാജ്യത്ത് ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും നാലാം ഡോസ് കൊവിഡ് വാക്സിൻ നല്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി നാലാം ഡോസിന് ശുപാർശ ചെയ്തത്. ഇത് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അംഗീകരിച്ചു.

ലോകത്താദ്യമായി കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് ആദ്യമായി സ്വീകരിച്ചത് ഇസ്രയേൽ പൗരന്മാരാണ്. ഇപ്പോഴിതാ നാലാം ഡോസിനും അംഗീകാരം നല്കി ഞങ്ങൾ ലോകരാജ്യങ്ങൾക്ക് വഴി കാട്ടുകയാണ്. ഒമിക്രോൺ തരംഗത്തെ തടയാൻ ഇത് പ്രധാനമാണ്', നഫ്താലി ബെന്നറ്റ് പറഞ്ഞു. വാക്സിനേഷൻ നിരക്കിൽ മുൻപന്തിയിലുള്ള ലോകരാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. നിലവിൽ മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ച് കുറഞ്ഞത് നാലു മാസം പിന്നിട്ടവർക്കാണ് നാലാം ഡോസിന് അർഹതയുള്ളത്. അതേ സമയം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യു.എസ്, ബ്രിട്ടൻ, കാനഡ, ജർമ്മനി തുടങ്ങിയ നിരവധി രാജ്യങ്ങളെ ഇസ്രയേൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലിൽ ഇതുവരെ ഏകദേശം 350 ഓളം പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.