kk

ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നൽകിയിരിക്കുന്നത് 10635 പേരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ അറിയിച്ചു. ഇതിൽ 70 ശതമാനം പേരും പാകിസ്ഥാനികളെന്നും അദ്ദേഹം പറഞ്ഞു. 2021 ഡിസംബര്‍ 14 വരെയുള്ള കണക്കുപ്രകാരം പാകിസ്ഥാനില്‍ നിന്നുള്ള 7306 അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാനായി അവശേഷിക്കുന്നുണ്ടെന്നും മന്ത്രി പാർലമെന്റിൽ അറിയിച്ചു.

ഇന്ത്യന്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ സംബന്ധിച്ച അബ്ദുള്‍ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അഫ്ഗാനിസ്താന്‍ (1152), ശ്രീലങ്ക (223), അമേരിക്ക (223), നേപ്പാള്‍ (189), ബംഗ്ലാദേശ് (161) എന്നിങ്ങനെയാണ് ഇനി തീര്‍പ്പുകല്‍പ്പിക്കാനുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളെന്നും മന്ത്രി പറഞ്ഞു. ചൈനയില്‍ നിന്ന് 10 അപേക്ഷകള്‍ ലഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. അപേക്ഷകളില്‍ വിശദമായ അന്വേഷണവും സൂക്ഷ്മ പരിശോധനയും നടത്തിയ ശേഷമേ മന്ത്രാലയം പൗരത്വം അനുവദിക്കുകയുള്ളു.

2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള 3117 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച കേശവാനന്ദ റാവു എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി