കോഴിക്കോട്: അതിവേഗ അഴിമതിപ്പാതയാണ് കെ.റെയിലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കേരളത്തിന്റെ വികസനത്തിനല്ല, സി.പി.എം നേതാക്കൾക്ക് മൂലധനം സമാഹരിക്കാനുള്ള പദ്ധതിയാണ്. കെ.റെയിൽ പദ്ധതിക്കെതിരെ ബി.ജെ.പി പ്രക്ഷോഭം നടത്തും. സമരം ചെയ്യുന്ന ഇതര സംഘടനകളുമായി സഹകരിക്കും. രാഹുൽ ഗാന്ധി, ഏ.കെ.ആന്റണി, ശശി തരൂർ തുടങ്ങിയവരുടെ മൗനം ഇരട്ടത്താപ്പാണ്. സാമൂഹ്യാഘാത പഠനം പോലും നടത്താതെയാണ് വിനാശമുണ്ടാക്കുന്ന കെ.റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.
കൊല്ലം ജില്ലയിലെ കൊട്ടിയത്തും മറ്റും കെ.റെയിൽ വിരുദ്ധസമരത്തെ സർക്കാർ പൊലീസിനെ ഉപയോഗിച്ച് ചോരയിൽ മുക്കുകയാണ്. നിലവിലുള്ള ട്രെയിനുകളുടെ വേഗം 2025 ഓടെ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കമുണ്ട്.
ഇതോടെ അർദ്ധ അതിവേഗപാത അനാവശ്യമാകും. പദ്ധതിയെക്കുറിച്ച് സംസ്ഥാനം അസത്യങ്ങൾ മാത്രമാണ് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് വിശദമായ കാര്യങ്ങൾ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും ബി.ജെ.പി ധരിപ്പിക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്ര സർക്കാർ നൽകുന്ന 50,000 രൂപയുടെ ആശ്വാസ ധനം നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണെന്നും പി.കെ.കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി എന്നിവരും പങ്കെടുത്തു.