
ചെന്നൈ: വെർച്വൽ ഹിയറിംഗിനിടെ യുവതിയുമായി അടുത്തിടപഴകിയ മദ്രാസ് ഹൈക്കോടതി അഭിഭാഷകനെ സസ്പെൻഡ് ചെയ്തു. ആർ.ഡി. സന്താന കൃഷ്ണൻ എന്ന അഭിഭാഷകനെതിരെയാണ് നടപടി. തമിഴ്നാട് പുതുച്ചേരി ബാർ കൗൺസിൽ ഇയാളെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കിയിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. അഭിഭാഷകനെതിരെ കേസെടുത്ത് റിപ്പോർട്ട് നൽകാൻ സി.ബി - സി.ഐ.ഡിയോടും കോടതി നിർദ്ദേശിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വെർച്വൽ ഹിയറിംഗിൽ തന്റെ കേസ് വിളിക്കുന്നത് കാത്തിരിക്കുന്നതിനിടെ അഭിഭാഷകൻ കൂടെയുള്ള സ്ത്രീയുമായി അടുത്തിടപഴകുകയായിരുന്നു. ദൃശ്യങ്ങൾ പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
തുടർന്നാണ് ഇയാൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാനും സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനും മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചത്.
കോടതി നടപടികൾക്കിടെ ഇത്തരം അശ്ലീലങ്ങൾ അരങ്ങേറുമ്പോൾ നിശബ്ദം കണ്ടുനിൽക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ പ്രചരിക്കുന്നത് തടയണമെന്നും കോടതി പൊലീസിനോട് നിർദ്ദേശിച്ചു.