
ഇന്ർലോക്ക് കട്ടകൾ വീട് നിർമ്മാണത്തിൽ സമയലഭാവും ധനലാഭവും നേടിത്തരുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെക്കാലം ഈടുനിൽക്കുന്ന വീടുകൾ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് നിർമ്മിക്കാം. മണ്ണിന്റെ നിറം, കുളിർമ, കുറഞ്ഞ നിർമ്മാണ സമയം, ചെലവ് കുറവ് എന്നിവയാണ് ഇവയെ ആകർഷകമാക്കുന്നത്.
ചെങ്കൽപ്പൊടിയോടൊപ്പം ചെറിയ അളവിൽ സിമെന്റും പശയും ചേർത്ത് കംപ്രസ് ചെയ്താണ് ഇന്റർലോക്ക് കട്ടകളുടെ നിർമ്മാണം, കട്ടകൾ പരസ്‌പരം ലോക്ക് ചെയ്താണ് വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ബഹുനില മന്ദിരങ്ങൾ വരെ നിർമ്മിക്കാനാകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. എട്ട് ഇഞ്ച് കട്ടകൾ വീടിന്റെ പുറംഭാഗത്തിനും ആറിഞ്ച് കട്ടകൾ വീടിന്റെ അകം ഭാഗത്തിനും ഉപയോഗിക്കാനാകും. ഭിത്തി നിർമ്മിക്കുമ്പോൾ ഇടയിൽ സിമെന്റ് ചേർക്കണ്ട എന്നതാണ് പ്രധാന ആകർഷണം.
ചെലവ് കുറയ്ക്കും എന്നതാണ് ഇന്റർലോക്ക് കട്ടകളുടെ മേൻമയായി ഉയർത്തിക്കാട്ടുന്നത്. ഏകദേശം നാല് ചുടുകട്ടയ്ക്ക് പകരമാണ് ഒരു ഇന്റർലോക്ക് കട്ട. ഒന്നിന് 28 രൂപ വരെ വിലവരും. ഇതിൽ പ്രാദേശികമായി അന്തരം വരാം. ഭിത്തികൾ തേക്കണ്ടതില്ല എന്നാണ് ഏറ്റവും ലാഭകരമായ കാര്യം. കട്ടർ ഉപയോഗിച്ച് മുറിക്കാമെന്നതിനാൽ ഇലക്ട്രിക് , പ്ലംബിംഗ് പണികൾക്കും തടസമില്ല. എന്നാൽ ജിപ്സം പ്ലാസ്റ്ററിംഗ് ഇവയ്ക്ക് ഉപയോഗിക്കാറില്ല.
പ്രയോജനങ്ങൾ എന്നതുപോലെ ചില ദോഷവശങ്ങളും ഇവയ്ക്കുണ്ട്. ഈർപ്പം ഇത്തരം കട്ടകൾക്ക് നല്ലതല്ല. ബാത്ത്‌റൂം, അടുക്കള തുടങ്ങി ഈർപ്പത്തിന്റെ സാന്നിദ്ധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ പുറംഭിത്തികൾ തേക്കുന്നില്ലെങ്കിൽ മഴ നനയാത്ത വിധം ഷേഡ് ഉണ്ടാക്കുന്നതും നല്ലതാണ്. മണ്ണിന്റെ തണുപ്പും കോൺക്രീറ്റ് ഉപയോഗത്തിലെ കുറവുമാണ് ഇന്റർലോക്ക് കട്ടകളിൽ ചൂടുകുറയാൻ കാരണം. പുനരുപയോഗിക്കാൻ കഴിയുമെന്നതും ഇവയുടെ മേന്മയാണ്.