
തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ എഫ്.സിയെ കീഴടക്കി. ജോർഗെ പെരേര ഡയസും സഹൽ അബ്ദുൾ സമദും അഡ്രിയാൻ ലൂണയുമാണ് ബ്ലാസ്റ്രേഴ്സിനായി ഇന്നലെ ചെന്നൈയിൻ വലകുലുക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഇതേ സ്കോറിന് തന്നെ നിലവിലെ ചാമ്പ്യൻമാരായ മുംബയ് എഫ്.സിയുടെ കഥകഴിച്ച ബ്ലാസ്റ്റേഴ്സ് ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. തുടർച്ചയായ ആറ് മത്സരങ്ങൾ തോൽവി അറിയാതെ പൂർത്തിയാക്കാനും ബ്ലാസ്റ്റേഴ്സിനായി.ഇന്ന് 7.30ന് തുടങ്ങുന്ന മത്സരത്തിൽ ഹൈദരാബാദും ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടും.