kb

പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍മാരെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടയോട്ടം തുടരുന്നു. ഇരമ്പിയാര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് പടയ്ക്ക് മുന്നില്‍ ചെന്നൈയിന്‍ എഫ്‌.സിയും തറപറ്റി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ജോര്‍ജ് ഡയസും സഹല്‍ അബ്ദുള്‍ സമദും നേടിയ ഗോളുകളിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയില്‍ ലീഡ് നേടി. കളിയുടെ അവസാന ഘട്ടത്തില്‍ അഡ്രിയാന്‍ ലൂണയുടെ തകര്‍പ്പന്‍ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പിക്കുകയായിരുന്നു,​

ജയത്തോടെ ഏഴ് കളിയില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഒന്നാമതുള്ള മുംബൈ സിറ്റിയുമായി മൂന്ന് പോ യിന്റ് മാത്രം പിന്നിലാണ് ബ്ലാസ്‌റ്റേഴ്‌സ്. രണ്ടാമതുള്ള ജംഷഡ്പുര്‍ എഫ്‌സിക്കും 12 പോയിന്റാണ്.

മുംബയ് സിറ്റിക്കെതിരെ കളിച്ച ടീമില്‍ മാറ്റങ്ങള്‍ ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്.
മിന്നുന്ന തുടക്കമായിരുന്നു തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചത്. തുടര്‍ ആക്രമണങ്ങള്‍ കൊണ്ട് ചെന്നൈയിന്‍ ഗോള്‍മുഖം ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിര വിറപ്പിച്ചു. കളിയുടെ ഒമ്പതാംമിനിറ്റില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് കൊതിച്ച നിമിഷമെത്തി. പുയ്ട്ടിയ മധ്യവരയ്ക്ക് മുന്നില്‍വച്ച് നീട്ടിനല്‍കിയ പന്ത് ഡയസ് കാലില്‍ കൊരുത്തു. രണ്ടടി മുന്നേറി, പിന്നെ വലതുവശത്തുവച്ച് ഉശിരന്‍ ഷോട്ട്. വിശാല്‍ കെയ്ത്തിന് ആ തകര്‍പ്പന്‍ നീക്കത്തിന് മുന്നില്‍ ഒന്നും ചെയ്യാനുണ്ടായില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഈ അര്‍ജന്റീനക്കാരന്‍ ഗോളടിക്കുന്നത്.

നിരന്തരമുള്ള മുന്നേറ്റങ്ങള്‍ കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ പ്രതിരോധത്തിന് സമ്മര്‍ദ്ദമുണ്ടാക്കി. അവര്‍ക്ക് പിഴവുകളുണ്ടായി. മറുവശത്ത് ചെന്നൈയിനിന്റെ പ്രത്യാക്രമണങ്ങളെ ജെസെല്‍ കര്‍ണെയ്‌റോയുടെയും ലെസ്‌കോവിച്ചിന്റെയും നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു. 25ാം മിനിറ്റില്‍ കൊമാന്റെ കോര്‍ണറില്‍ ജെര്‍മന്‍പ്രീത് തലവച്ചെങ്കിലും പ്രഭ്‌സുഖന്‍ കൃത്യമായി തട്ടിയകറ്റി. പിന്നാലെ ഗോള്‍മുഖത്ത് കിട്ടിയ മറ്റൊരു അവസരവും ജെര്‍മന്‍പ്രീത് പാഴാക്കി.

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഉറപ്പാക്കി വീണ്ടും ആക്രമിക്കാനിറങ്ങി. ലൂണയും ഡയസും സഹലും ഒന്നൊന്നായി ചെന്നൈയിന്‍ പ്രതിരോധത്തെ ഭയപ്പെടുത്തി. ഒടുവില്‍ കളിയുടെ 38ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ചെന്നൈയിന്‍ പ്രതിരോധത്തെ കീറിമുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി.

ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ പിഴവില്‍നിന്നായിരുന്നു തുടക്കം. പ്രതിരോധത്തില്‍നിന്ന് പന്തേറ്റ് വാങ്ങിയ കെയ്ത്ത് അടിച്ചുകൊടുത്തത് നേരെ വാസ്‌കസിന്റെ കാലിലേക്ക്. വാസ്‌ക്‌സ് വലതുവശത്ത് കുതിച്ചെത്തിയ സഹലിന് നല്‍കി. ബോക്‌സില്‍വച്ച് സഹലിന്റെ കരുത്തുറ്റ അടി വലയ്ക്ക് മുന്നില്‍നിന്ന ചെന്നൈയിന്‍ പ്രതിരോധക്കാരില്‍ തട്ടിത്തെറിച്ചു. വീണ്ടും സഹലിന്റെ കാലില്‍ പന്ത്. ഇക്കുറി സഹലിന്റെ ഷോട്ട് കെയ്ത്തിനെയും മറികടന്ന് വലയിലേക്ക് കയറി. ബ്ലാസ്‌റ്റേഴ്‌സിന് 2-0ന്റെ ലീഡ്. സഹലിന് സീസണിലെ മൂന്നാം ഗോളും. ആദ്യപകുതി അവസാനിക്കും മുമ്പ് മറ്റൊരു മികച്ച അവസരം കൂടി ബ്ലാസ്‌റ്റേഴ്‌സിന് കിട്ടി. സഹലായിരുന്നു ആസൂത്രകന്‍. ചെന്നൈയിനിന്റെ പ്രതിരോധം പൂര്‍ണമായും കബളിപ്പിച്ച് സഹലിന്റെ മനോഹര പാസ് വാസ്‌കസിലേക്ക്. ഇടതുഭാഗത്തിലൂടെ മുന്നേറ്റം. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍. എന്നാല്‍ വാസ്‌കസിന്റെ അടി കെയ്ത്ത് തട്ടിയകറ്റി.ആദ്യ പകുതി അവസാനിക്കുമ്പോള്‍ അഞ്ച് തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യത്തിലേക്ക് അടിപായിച്ചത്. പന്തിന്‍മേലുള്ള നിയന്ത്രണം 55 ശതമാനം. ആകെ 234 പാസുകളും.

രണ്ടാംപകുതിയില്‍ ചെന്നൈയിന്‍ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പകുതിയിലെ അതേ കരുത്തോടെ ഇറങ്ങി. 51ാം മിനിറ്റില്‍തന്നെ അവസരമെത്തി. ബോക്‌സിന്റെ ഇടതുവശത്തുവച്ച് ലൂണ പിന്നിലേക്ക് കര്‍ണെയ്‌റോയെ ലക്ഷ്യമാക്കി പന്തിട്ടു. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്റെ കരുത്തുറ്റ ഷോട്ട് കെയ്ത്ത് തട്ടിയകറ്റി. മറുവശത്ത് ചെന്നൈയിനിന്റെ നീക്കങ്ങളെ പ്രതിരോധവും ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖനും ചേര്‍ന്ന് തടഞ്ഞു. പന്തിന്‍മേലുള്ള നിയന്ത്രണം മഞ്ഞപ്പട വിട്ടുകൊടുത്തില്ല. 66ാം മിനിറ്റില്‍ സഹല്‍ വലതുപാര്‍ശ്വത്തില്‍നിന്ന് വാസക്‌സിനെ ലക്ഷ്യമാക്കി കൊടുത്ത ക്രോസ് ചെന്നൈ പ്രതിരോധം തടഞ്ഞു. കളിയുടെ 72ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യമാറ്റം വരുത്തി. മധ്യനിരയില്‍ നിറഞ്ഞുകളിച്ച പുയ്ട്ടിയക്ക് പകരം കെ പ്രശാന്തിനെ ഇറക്കി. 55ാം മിനിറ്റില്‍ പുയ്ട്ടിയ മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു. 78ാം മിനിറ്റില്‍ രണ്ട് മാറ്റങ്ങള്‍ കൂടി വരുത്തി. ഗോളടിക്കാരായ സഹലിന് പകരം സെയ്ത്യാസെന്‍ സിങ്ങും ഡയസിന് പകരം ആയുഷ് അധികാരിയുമെത്തി. തൊട്ടുപിന്നാലെ മൂന്നാം ഗോളുമെത്തി. ലൂണയുടെ പ്രതിഭ തെളിയിച്ച ഗോള്‍. വാസ്‌കസുമായി 1-2 കളിച്ചെത്തിയ ലൂണ ഗോള്‍ മുഖത്ത് ചെന്നൈയിന്‍ പ്രതിരോധത്തെ ചിതറിച്ചു. ലൂണ വാസ്‌കസിനെ ലക്ഷ്യമിട്ട് പന്ത് നല്‍കിയെങ്കിലും ജെറിയുടെ കാലില്‍ തട്ടി പന്ത് ലൂണയിലേക്കുതന്നെ തിരിച്ചുവന്നു. ബോക്‌സിന് പുറത്തുവച്ചൊരു ഷോട്ടായിരുന്നു മറുപടി. ആ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് പോയിന്റ് ഉറപ്പാക്കി.

അവസാനനിമിഷങ്ങളിലും ചെന്നൈയിന്‍ ഗോള്‍മുഖത്തേക്ക് അനായാസം കടന്നുകയറാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു. കോര്‍ണറുകള്‍ വഴങ്ങിയാണ് ചെന്നൈ രക്ഷപ്പെട്ടത്. ഇഞ്ചുറി ടൈമില്‍ ലൂണയും കബ്രയും കളത്തില്‍നിന്ന് കയറി. വിന്‍സി ബരെറ്റോയും സന്ദീപ് സിങ്ങും പകരമിറങ്ങി. 26ന് ജംഷെഡ്പൂര്‍ എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.