
ബന്ധനങ്ങളുടെ തടവറയിലാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെന്ന് വെളിപ്പെടുത്തിയാണ് പിടി തോമസ് യാത്രയായത്. ജനപിന്തുണയുള്ള ഉമ്മൻചാണ്ടിയെയും ചെന്നിത്തലയേയും ഒരു പ്രത്യേക നിലപാടിൽ തളച്ചിടുക എന്ന ലക്ഷ്യത്തോടെയാണ് അവർക്ക് ചുറ്റുമുള്ള ചിലർ പ്രവർത്തിക്കുന്നത് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പിടി തോമസ് വ്യക്തമാക്കി. സ്‌നേഹവും സൗഹൃദവും ബന്ധവും എല്ലാം മൂലം അതിനെ എതിർത്തു പറയാൻ പറ്റാത്ത ഒരു കമ്മിറ്റ്‌മെന്റ് ഈ നേതാക്കൾക്ക് ഉണ്ടെന്നും, അതാണ് അവരുടെ പോരായ്‌മയെന്നും പിടി വെളിപ്പെടുത്തി.
'അവരുടെ കൂടി രക്ഷകർത്തൃത്വത്തിൽ മാത്രമേ ഇപ്പോഴത്തെ മാറ്റം നല്ല നിലയിൽ പോകൂ. ആ വിശാലമനസ്‌കത അവർ കാണിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അവരെ ചുറ്റിപ്പിടിക്കുകയും വലിച്ചുപിടിക്കുകയും എല്ലാം ചെയ്യുന്ന ചിലരുണ്ട്. അങ്ങനെ ചെയ്യുന്ന പലരും ജനങ്ങളുമായുള്ള ബന്ധം ഇല്ലാത്തവരോ നഷ്ടപ്പെട്ടവരോ ആണ്. ജനപിന്തുണയുള്ള ഉമ്മൻചാണ്ടിയെയും ചെന്നിത്തലയേയും ഒരു പ്രത്യേക നിലപാടിൽ തളച്ചിടുക എന്നത് അത്തരക്കാരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അത് അവരുടെ താൽപര്യമാണ്. പല കാലങ്ങളിലായി ശീലിച്ചു പോകുന്ന പ്രവണത എന്ന നിലയിൽ അതിന്റ കൂടെ നിൽക്കാൻ ആ രണ്ടു പേരും നിർബന്ധിതരാകുകയാണ്.
ഒരു പരിധി വരെ. എനിക്ക് കറേ അനുഭവങ്ങൾ പറയാൻ കഴിയും. ഉമ്മൻചാണ്ടി നേരിട്ടു പറഞ്ഞിട്ടും നടക്കാതെ പോയ കുറേ കാര്യങ്ങൾ പല ജില്ലകളിലുണ്ട്. ഇങ്ങനെ ചെയ്യണം എന്നുതന്നെ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഒരു കാരണവശാലും അങ്ങനെ നടക്കരുത് എന്ന നിലയിൽ ഗ്രൂപ്പ് മാനേജർമാർ പരിശ്രമിക്കുകയും അതിന്റെ ഭാഗമായി പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്ത ഒരു പിടി സംഭവങ്ങളുണ്ട്. സ്‌നേഹവും സൗഹൃദവും ബന്ധവും എല്ലാം മൂലം അതിനെ എതിർത്തു പറയാൻ പറ്റാത്ത ഒരു കമ്മിറ്റ്‌മെന്റ് ഈ നേതാക്കൾക്ക് ഉണ്ടാകുന്നതിന്റെ പോരായ്മ സംഭവിക്കുന്നുണ്ട്.'- പിടിയുടെ വാക്കുകൾ.