
ലണ്ടൻ : ലോകത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. ബ്രിട്ടനിലും ഡെന്മാർക്കിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ മാത്രം 15,000 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ വരെയായി ആകെ 106 രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ബ്രിട്ടനിൽ 60,508 ആണ് അവസാനമായി പുറത്തുവന്ന കണക്ക്. രണ്ടാം സ്ഥാനത്തുള്ള ഡെന്മാർക്കിൽ 26,362 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നോർവേ(3,871), കാനഡ(3,402), യുഎസ്(1,781) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള രാജ്യങ്ങൾ. ഒമിക്രോൺ ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ 1,444 പേർക്കാണ് ഇതുവരെയായി കേസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, ഒമിക്രോൺ ബാധിച്ചവരിൽ ആകെ 16 പേർക്ക് മാത്രമാണ് ആഗോളതലത്തൽ ഇതിനകം ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.