kk

റിയാദ്: സ്വദേശിവത്‌കരണം നടപ്പാക്കിത്തുടങ്ങിയ സൗദി അറേബ്യയിൽ പുതിയ മേഖലകളില്‍ കൂടി ഇത് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു . മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങിയ മേഖലകളിലാണ് പുതുതായി സ്വദേശിവത്‌കരണം നടപ്പാക്കുന്നത്. സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം ക്രമാനുഗതമായി ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എൻജിനിയര്‍ മാജിദ് അല്‍ദാവിയാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങി മേഖലകളില്‍ കൂടി സ്വദേശിവത്‌കരണത്തിന് പദ്ധതി തയ്യാറാക്കിയതായും, തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയ സെക്രട്ടറി പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സൗദിവത്‌കരണം 21.5 ശതമാനത്തില്‍ നിന്ന് 23.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പരിഷ്‌കരിച്ച നിതാഖാത്തും ആരംഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സ്വകാര്യ മേഖലയില്‍ സൗദിവത്‌കരണം വര്‍ധിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും എന്‍ജി. മാജിദ് അല്‍ദുഹവി പറഞ്ഞു.

അതേസമയം സ്വദേശി അനുപാതം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ അനുപാതം ക്രമാനുഗതമായി ഉയര്‍ന്നു വരുന്നത് ശുഭ സൂചകങ്ങളാണ് നല്‍കുന്നത്. പ്രത്യേകിച്ച് വനിതാ ജീവനക്കാരുടെ എണ്ണം അഭൂതപൂര്‍വ്വമായാണ് വര്‍ധിക്കുന്നതെന്നും മന്ത്രാലയ സെക്രട്ടറി പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളാണ് പുതുതായി സ്വദേശിവത്‌കരണത്തിനൊരുങ്ങുന്ന മേഖലകള്‍.