n-jayaraj

തിരുവനന്തപുരം: സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പേഴ്‌സണൽ സ്റ്റാഫിൽ 17 പേരെ കൂടി അധികമായി ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. ഇതോടെ ആകെ ജീവനക്കാർ 24 ആയി. 23000 മുതൽ ഒരു ലക്ഷം രൂപയാണ് ജീവനക്കാരുടെ ശമ്പളം. ഇതിൽ 14 പേർക്ക് നേരിട്ട് നിയമനം നൽകും.

ചീഫ് വിപ്പ് ചുമതലയേറ്റ സമയത്ത് പേഴ്‌സണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്‌സണൽ അസിസ്റ്റന്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 17 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയാണ് പുതിയ പട്ടികയിലുള്ളത്.

സഭ സമ്മേളിക്കുന്ന സമയത്ത് നിർണായക വോട്ടെടുപ്പുകൾ വരുമ്പോൾ അംഗങ്ങൾക്ക് വിപ്പ് നൽകുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. പേഴ്‌സണൽ സ്റ്റാഫ് കൂടാതെ അഞ്ച് പൊലീസുകാരെയും ഡോ. എൻ ജയരാജിന് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷ ഭീഷണിയൊന്നും ചീഫ് വിപ്പിനില്ലാത്തതിനാൽ ഈ പൊലീസുകാരെ തിരിച്ചെടുക്കാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ ചീഫ് വിപ്പായിരുന്ന പി സി ജോർജിന് 30 പേഴ്‌സണൽ സ്റ്റാഫുകളെ നൽകിയതിന് ഇടതുപക്ഷത്ത് നിന്നും കടുത്ത വിയോജിപ്പ് ഉയർന്നിരുന്നു.