
വാഷിംഗ്‌ടൺ: ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശുപത്രി ചികിത്സയിലേയ്ക്ക് നയിക്കില്ലെന്ന് ബ്രിട്ടീഷ് പഠനം. സ്കോട്ട്ലാൻഡിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമുള്ള പഠനങ്ങൾ സ്വാഗതം ചെയ്ത വിദഗ്ദ്ധർ എന്നാൽ ഒമിക്രോണിന്റെ ഉയർന്ന വ്യാപനശേഷിയിൽ ആശങ്ക രേഖപ്പെടുത്തി.
ഇതൊരു നല്ല വാർത്തയാണെന്നും സ്ഥിതിവിവര കണക്കുകൾ പ്രകാരം ഈ പഠനത്തിന് പ്രധാന്യം ഏറെയാണെന്നും സ്കോട്ടിഷ് പഠനത്തിന്റെ സഹരചയിതാവായ ജിം മെക് മെനാമിൻ പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലെ ഡെൽറ്റ കേസുകളും ഒമിക്രോൺ കേസുകളും വിലയിരുത്തിയാണ് പഠനം നടത്തിയത്. കൂടാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും സ്കോട്ടിഷ് പഠനം വിലയിരുത്തുന്നു.
എന്നാൽ പഠനക്കാലയളവിൽ അറുപത് വയസിന് താഴെയുള്ള രോഗികൾ ആശുപത്രിയിൽ ചികിത്സയിലില്ലായിരുന്നത് പഠനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നുണ്ടെങ്കിലും തങ്ങൾ സ്റ്റാറ്റിറ്റിക്കൽ മാർഗങ്ങൾ ഉപയോഗിച്ച് പരിമിതികൾ കണക്കിലെടുത്താണ് പഠനം നടത്തിയതെന്ന് സ്കോട്ടിഷ് ഗവേഷകർ അവകാശപ്പെടുന്നു.
ഡെൽറ്റയെ താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ മൂലമുള്ള ആശുപത്രി ചികിത്സാ കേസുകൾ ഇരുപത് മുതൽ ഇരുപത്തിയഞ്ച് ശതമാനം വരെ കുറവാണെന്നും ഒരു ദിവസത്തിനപ്പുറം രോഗി ആശുപത്രിയിൽ കഴിയുന്നത് നാൽപത് മുതൽ നാൽപ്പത്തിയഞ്ച് ശതമാനം വരെ കുറവാണെന്നും ഇംഗ്ലീഷ് പഠനം വെളിപ്പെടുത്തുന്നു. ഒമിക്രോൺ മൂലമുള്ള ആശുപത്രി കേസുകളുടെ എണ്ണം കുറവാണെങ്കിലും വ്യാപനശേഷിയിൽ ഒമിക്രോൺ മുന്നിലാണെന്ന് ഇംഗ്ളീഷ് പഠനത്തിന്റെ സഹരചയിതാവായ അസ്ര ഗനി പറഞ്ഞു. ബൂസ്റ്റർ ഡോസിന് മികച്ച പ്രതിരോധശേഷി നൽകാനാവുമെന്നും ആശുപത്രി ചികിത്സ ഒഴിവാക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ഒമിക്രോൺ കേസുകൾ ഗുരുതരമാകാതിരിക്കുന്നതിന് കാരണം വകഭേദത്തിന്റെ പ്രത്യേകതയാണോ അതോ കൊവിഡ് വാക്സിൻ നൽകുന്ന പ്രതിരോധശേഷി മൂലമാണോ എന്നത് രണ്ട് പഠനങ്ങളിലും വ്യക്തമാക്കുന്നില്ല.