lucky-draw

ദുബായ്: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യു എ ഇ എമിറേറ്റ്‌സ് നറുക്കെടുപ്പിൽ വിജയം തേടിയെത്തിയത് അർഹതപ്പെട്ട കൈകളിലേക്ക്. ഒരാൾ കാൻസർ ബാധിതനും മറ്റൊരാൾ മാസങ്ങളായി ശമ്പളം മുടങ്ങിയ തൊഴിലാളിയും. മൂന്നുപേരാണ് സമ്മാനാർഹർ. ഓരോരുത്തർക്കും 77777 ദിർഹമാണ് സമ്മാനം. ഇന്ത്യൻ തുകയിലേക്ക് മാറ്റിയാൽ ഏകദേശം 16 ലക്ഷം രൂപ.

ഉസ്ബെക്കിസ്ഥാൻ സ്വദേശിയായ 38കാരൻ ഫിറൂസ് നജ്മിദ്ദുനോവ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ശമ്പളിമല്ലാതെ വലയുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അദ്ദേഹത്തെ തേടി വിജയമെത്തിയത്.

'കഴിഞ്ഞ ഏഴു വർഷമായി ഇവിടെയുണ്ട്. ഇൻബോക്‌സിൽ മെയിൽ കണ്ടപ്പോൾ, ഇത് ഒരു തട്ടിപ്പാണെന്ന് കരുതി. എങ്കിലും നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. കുറേ മാസങ്ങളായി ശമ്പളമില്ലാതെ കഴിയുകയാണ്. ഒരുപാട് പ്രാർത്ഥിച്ചു.' അദ്ദേഹം പറഞ്ഞു.

ഫുജൈറയിൽ താമസിക്കുന്ന 61കാരനായ മെൽറോയ് ഫെർണാണ്ടസിന് ഈ വർഷം ആദ്യമാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സാച്ചെലവുകൾക്കായി ഏറെ ബുദ്ധിമുട്ടുന്നതിനിടിയിലാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. 'കൊവിഡ് പ്രതിസന്ധിയായതോടെ ജീവിതം വളരെ ബുദ്ധിമുട്ടിലായിരുന്നു. അതിന്റെ കൂടെയാണ് രോഗവും തല പൊക്കിയത്. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഈ സമയത്ത് ഭാഗ്യം തുണച്ചു." മെൽറോയ് ഫെർണാണ്ടസിന്റെ വാക്കുകൾ.

വിജയിയായ മൂന്നാമത്തെയാൾ ഇന്ത്യയിൽ നിന്നുള്ള അക്കൗണ്ടന്റായ ഹെലൻ രാജാണ്. സമ്മാന തുകയിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.