pink-police

പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായ ആറ്റിങ്ങൽ സ്വദേശിയായ എട്ട് വയസുകാരിക്കും പിതാവിനും ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‌കാൻ ഹൈക്കോടതി ഉത്തരവിട്ടത് ഓരോ പൊലീസ് സേനാംഗവും ഒരു പാഠമാക്കേണ്ടതാണ്. സ്വന്തം വകുപ്പും സർക്കാരുമൊക്കെ കൂടെ നിന്നാലും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന നീതിയുക്തമായ സന്ദേശമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് നല്‌കുന്നത്. നഷ്ടപരിഹാരത്തിന് പുറമേ കോടതിച്ചെലവിനത്തിൽ 25000 രൂപ നല്‌കാനും ഉത്തരവിട്ടിട്ടുണ്ട്. ആരോപണ വിധേയയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ മതിയായ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിർദ്ദേശം നല്‌കിയിട്ടുമുണ്ട്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‌കണമെന്ന് കോടതി പറഞ്ഞത് നല്ല അർത്ഥത്തിൽ സ്വീകരിച്ച് നടപ്പാക്കാൻ ആഭ്യന്തരവകുപ്പിന് കഴിഞ്ഞാൽ ഇതുപോലുള്ള കേസുകൾ ഒഴിവാക്കാം.

പൊതുസ്ഥലത്ത് മര്യാദകേടായി പെരുമാറിയാൽ കേസെടുക്കേണ്ടത് പൊലീസാണ്. അതേസമയം പൊതുസ്ഥലത്ത് മര്യാദകേടായി പെരുമാറിയാൽ പൊലീസിനെതിരെ കേസ് വരില്ലെന്ന ഒരു സങ്കല്പം ഇവിടെ നിലനിന്നിരുന്നു. അതിന്റെ അടിക്കല്ലുകളിലൊന്നാണ് ഈ വിധിയോടെ ഇളകി വീഴുന്നത്. ഈ കേസിൽ ആദ്യം മുതൽ സർക്കാർ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. വനിതാ പൊലീസ് പരസ്യവിചാരണ ചെയ്തു എന്നതിന് വീഡിയോ തെളിവ് ഉണ്ടായതുകൊണ്ടാണ് കേസ് തന്നെ നിലനിന്നത്. ഇല്ലെങ്കിൽ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിയുമായിരുന്നു. പത്രങ്ങളിൽ വിവാദമായപ്പോൾ മാത്രമാണ് ആരോപണവിധേയയെ സ്ഥലം മാറ്റിയത്. ഇതാകട്ടെ അവരുടെ സ്വന്തം സ്ഥലത്തേക്കും. ശിക്ഷാനടപടിക്ക് പകരം രക്ഷാനടപടിയാണ് സ്വീകരിച്ചത്. ഇതിന് ചുവടുപിടിച്ചുകൊണ്ടുള്ള സമീപനമാണ് ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്തം പുലർത്തേണ്ട സർക്കാരും ഈ വിഷയത്തിൽ നിർഭാഗ്യവശാൽ കൈക്കൊണ്ടത്. ഭരണഘടന ഉറപ്പുനല്‌കുന്ന മൗലികാവകാശം കുട്ടിക്കോ പിതാവിനോ ലംഘിക്കപ്പെട്ടിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം നല്‌കാനാവില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ കൈക്കൊണ്ടത്. ഈ കേസിൽ നഷ്ടപരിഹാരം നൽകിയാൽ പൊലീസ് നിയമവിരുദ്ധമായി പെരുമാറിയതായി തെളിയിക്കപ്പെടുന്ന എല്ലാ കേസിലും നഷ്ടപരിഹാരം നല്‌കേണ്ടിവരുമെന്ന് സർക്കാരിന് ഉപദേശം ലഭിച്ചിരിക്കാം. ഇങ്ങനെയുള്ള ഉപദേശങ്ങളാണ് പൊലീസിനെ കൂടുതൽ വഷളാക്കാനും ഒടുവിൽ സർക്കാരിന് തീർത്താൽ തീരാത്ത പേരുദോഷം ഉണ്ടാക്കുന്നതും.

അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നല്‌കാൻ സർക്കാരിന് നിർദ്ദേശം നല്‌കിയത്. ഇത് സർക്കാർ നല്‌കുമ്പോൾ നികുതിദായകന്റെ പണമാണ് നഷ്ടപ്പെടുന്നത്. അതിനാൽ ഈ തുക ആരോപണ വിധേയരായവരിൽ നിന്ന് ഈടാക്കാനുള്ള നടപടി ആഭ്യന്തരവകുപ്പ് സ്വീകരിക്കണം. സ്വന്തം കൈയിൽ നിന്ന് പണം നഷ്ടപ്പെടുമെന്ന് കണ്ടാൽ പൊലീസിലെ കുഴപ്പക്കാരൊക്കെ മര്യാദയ്ക്ക് പെരുമാറാൻ തുടങ്ങും. ആറ്റിങ്ങലിലെ സംഭവത്തിൽ തന്നെ വനിതാകോൺസ്റ്റബിൾ തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞ് ആ കുട്ടിയെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അവിടെത്തന്നെ തീരുന്ന പ്രശ്നമായിരുന്നു ഇത്. അത് ചെയ്തില്ലെന്ന് മാത്രമല്ല കുറ്റക്കാരിയെ സംരക്ഷിക്കുന്ന നിലപാടാണ് മേലധികാരികൾ സ്വീകരിച്ചത്. ആ നിലയിൽ നോക്കുമ്പോൾ അന്യായമായ കാര്യങ്ങൾ സംരക്ഷിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ കാണിക്കുന്ന അഹന്തയ്ക്ക് കിട്ടിയ ഒരടി കൂടിയാണ് ഈ ഉത്തരവ്.