doordarsan

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ദൂരദർശൻ സാറ്റലൈറ്റ് ചാനലുകൾക്ക് രാജ്യത്ത് പ്രേക്ഷകർ കുറവാണെങ്കിലും യുട്യൂബ് ചാനലുകളുടെ അവസ്ഥ അതല്ല. നല്ല റീച്ചുള്ള ദൂരദർശനടക്കമുള്ള പ്രസാർ ഭാരതിയുടെ എല്ലാ യുട്യൂബ് ചാനലുകൾക്കും ഏറ്റവുമധികം വ്യൂവർഷിപ്പ് ലഭിക്കുന്നത് പാകിസ്ഥാനിൽ നിന്നാണെന്നതാണ് കൗതുകമുണർത്തുന്ന കാര്യം.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരമാണ് യുട്യൂബ് കാഴ്‌ചക്കാരിൽ ഏറെയും പാകിസ്ഥാനികളാണെന്ന് വ്യക്തമാകുന്നത്. പാകിസ്ഥാനെ കൂടാതെ അമേരിക്ക, സൗദി അറേബ്യ, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ചക്കാരും തൊട്ടുപിന്നാലെയുണ്ട്.

2018 നും 2020 നും ഇടയിലായി കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021 ലെ കൊവിഡ് കാലത്ത് നേപ്പാളിൽ നിന്നുള്ള കാഴ്ചക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

2018ൽ പാക്കിസ്ഥാനിൽ നിന്ന് 64 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് പ്രസാർ ഭാരതിക്ക് കീഴിലുള്ള യുട്യൂബ് ചാനലുകൾക്ക് ലഭിച്ചത്.

2020 ൽ ഏകദേശം 1.33 കോടിയായി വർദ്ധിച്ചു. ഈ വർഷം നവംബർ 30 വരെയുള്ള കണക്കുകൾ വച്ചാണ് പ്രസാർ ഭാരതിയുടെ യുട്യൂബ് ചാനലുകൾക്ക് ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വിദേശരാജ്യം പാകിസ്ഥാനാണെന്ന് വിലയിരുത്തിയത്.

doordarsan

പ്രസാർ ഭാരതിയ്ക്ക് കീഴിൽ ആൾ ഇന്ത്യാ റേഡിയോയുടെയും ദൂരദർശൻ നെറ്റ്‌വർക്കിന്റെയും 170ലധികം യൂട്യൂബ് ചാനലുകളുണ്ട്. പ്രസാർ ഭാരതി അതിന്റെ വിവിധ ഓഡിയോ, വീഡിയോ ഡിജിറ്റൽ ചാനലുകൾ ജനപ്രിയമാക്കാൻ നിരന്തരം നടപടികൾ കൈക്കൊള്ളുകയാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ അറിയിച്ചു.

'ന്യൂസ് ഓൺ എയർ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ 250ലധികം എയർ ചാനലുകൾ ഡിജിറ്റലായി ലഭ്യമാക്കിയിട്ടുണ്ട്. പകർപ്പവകാശ പ്രശ്‌നങ്ങൾ ഉൾപ്പെടാത്ത ദേശീയ പ്രാധാന്യമുള്ള ഡിഡി ചാനലുകളും വിവിധ തത്സമയ പ്രോഗ്രാമുകളും ഈ ആപ്പിൽ തത്സമയ സ്ട്രീം ചെയ്യുന്നു.

ആഗോള പ്രേക്ഷകർക്കായി നെറ്റ് ഉപയോക്താക്കൾക്കായി ന്യൂസ് ഓൺ എയർ.കോം വെബ്‌സൈറ്റിലും ഈ ചാനലുകൾ ലഭ്യമാക്കിയിട്ടുണ്ട്. ' അമേരിക്ക, ഇംഗ്ലണ്ട്, യുഎഇ, സൗദി അറേബ്യ, ആസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിരവധി 'ന്യൂസ് ഓൺ എയർ' ആപ്പ് ഉപയോക്താക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.