saradakutty

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ വരുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യവും സാമൂഹിക വളർച്ചയും കണക്കിലെടുത്താണ് പ്രായം ഉയർത്തുന്നതെന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്.

ഇടതുപക്ഷം ഉൾപ്പെടെയുള്ള എതിർപാർട്ടികളെല്ലാം നിശിതമായി തന്നെ സർക്കാരിന്റെ പുതിയ തീരുമാനത്തെ എതിർക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒരഭിപ്രായം ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി.

' ഒരുപാടു സുഹൃത്തുക്കൾ വിവാഹപ്രായ തീരുമാനത്തെ എതിർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എനിക്ക് ക്ലാസുകൾ എടുത്തു തരുന്നുണ്ട്. എന്നാൽ പറയട്ടെ, 21 വയസു വരെ നമ്മുടെ പെൺകുട്ടികളെ വീട്ടുകാർക്കു വിവാഹത്തിനു നിർബന്ധിക്കാൻ സാധിക്കില്ല എന്ന ഒറ്റക്കാരണം മതി ആ നിയമം വരുന്നതിനെ എനിക്ക് അനുകൂലിക്കുവാൻ.

ജീവിത പങ്കാളി ഒരു നാൾ കയ്യൊഴിഞ്ഞു പോയാലോ മരിച്ചു പോയാലോ അവരുടെ ജീവിതം നിലച്ചു പോകരുതല്ലോ. ആ ദുരന്തങ്ങൾക്കു ശേഷമല്ല അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടത്. രക്ഷകരാകാൻ നമുക്ക് വേറെയും അവസരങ്ങൾ കിട്ടും. ഔദ്യോഗിക ജീവിതത്തിലുടനീളം എല്ലാ ക്ലാസുകളിലും വർഷങ്ങളോളം ഞാൻ പറഞ്ഞു നടന്നതും ഇതു തന്നെ.

പഠനവും എന്തെങ്കിലും തൊഴിൽ പ്രാപ്‌തിയും ആകാതെ വിവാഹത്തിൽ ചെന്ന് തല വെക്കരുതെന്ന് . പെൺകുട്ടികളുടെ അധികാരി ചമയുന്ന വീട്ടുകാരെയും കല്യാണമായില്ലേ എന്ന് കുത്തിത്തിരിക്കുന്ന ബന്ധുമിത്രങ്ങളെയും നിലക്കു നിർത്താനെങ്കിലും ഈ നിയമം അത്യാവശ്യമാണ്. മറ്റൊക്കെ അതിനു ശേഷം. " ഇങ്ങനെയായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്. പോസ്റ്റിന് താഴെ നിരവധി പേരാണ് എഴുത്തുകാരിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.