
മലയാള സിനിമയിലേയ്ക്ക് നല്ല 'നേരം' കുറിച്ചെത്തിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. സംവിധായകന് പുറമേ തിരക്കഥാകൃത്ത്, നിർമാതാവ്, അഭിനേതാവ്, എഡിറ്റർ, വാണിജ്യ പരസ്യ നിർമാതാവ് എന്ന നിലയിലും അൽഫോൺസ് മികവ് തെളിയിച്ചിട്ടുണ്ട്. 2015ൽ അൽഫോൺസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രം ബോക്സോഫീസിൽ ചരിത്രം കുറിക്കുകയും മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും സജീവമായ അൽഫോൺസ് പങ്കുവച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട അൻപത് മലയാള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അൽഫോൺസ്. എന്നാൽ പട്ടികയിൽ 2008ന് ശേഷമുള്ള ഒറ്റ സിനിമ പോലുമില്ല. പോസ്റ്റിന് താഴെ നിരധി രസികൻ കമന്റുകളും എത്തുകയാണ്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളായ ഗോഡ്‌ഫാദർ, നാടുവാഴികൾ, രാജമാണിക്യം, കിലുക്കം, ചിത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയവയാണ് ആദ്യ പത്തിലുള്ളത്.
പൃഥിരാജും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന 'ഗോൾഡ്' എന്ന ചിത്രമാണ് അൽഫോൺസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പൃഥിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ പൃഥിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഫഹദ് ഫാസിൽ നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പാട്ട്' ആണ് അൽഫോൺസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.