covid-vaccine

അബുജ: മിക്ക രാജ്യങ്ങളിലും കൊവിഡ് വാക്സിൻ ദൗർലഭ്യം നേരിടുമ്പോൾ സൗജന്യമായി ലഭിച്ച പത്ത് ലക്ഷത്തിലേറെ ആസ്ട്രസെനെക്ക വാക്സിനുകൾ നശിപ്പിച്ച് നൈജീരിയ. എക്സ്പയറി ഡേറ്റ് കഴിഞ്ഞ വാക്സിനുകളാണ് നശിപ്പിച്ചതെന്ന് നൈജിരിയയിലെ ആരോഗ്യമന്ത്രാലയം പിന്നീട് അറിയിച്ചു. സമ്പന്ന രാജ്യങ്ങൾ സൗജന്യമായി നൽകിയ വാക്സിനുകളിൽ ഭൂരിപക്ഷവും വെറും ഒരാഴ്ച മാത്രം എക്സ്പയറി ഡേറ്റ് ഉള്ളവയായിരുന്നെന്ന് കഴിഞ്ഞയാഴ്ച നൈജീരിയയുടെ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

ഏകദേശം പത്ത് ലക്ഷത്തിനുമുകളിൽ കൊവിഡ് വാക്സിനുകൾ നൈജീരിയയിൽ ഉപയോഗശൂന്യമായി ഇരിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നൈജീരിയ വാക്സിനുകൾ നശിപ്പിച്ചത്. നിരവധി വാക്സിൻ കുപ്പികൾ ഒരു ഗ്രൗണ്ടിൽ ഇട്ട് ജെ സി ബി ഉപയോഗിച്ച് നശിപ്പിക്കുന്ന വീഡിയോ ഇപ്പോൾ തന്നെ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു.

ആഫ്രിക്കയിൽ കൊവിഡ് വാക്സിന് കഠിനമായ ദൗർലഭ്യം ഉണ്ടെന്നും അതിനാലാണ് എക്സ്പയറി ഡേറ്റ് കുറവാണെന്ന് അറിഞ്ഞിട്ടും വിദേശ രാജ്യങ്ങളിൽ നിന്ന് കൊവിഡ് വാക്സിൻ വാങ്ങിക്കാൻ നൈജീരിയ നിർബന്ധമായതെന്നും നാഷണൽ പ്രൈമറി ഹെൽത്ത് കെയർ ഡെവലപ്മെന്റ് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ ഷുഹൈബ് പറഞ്ഞു. 10,66,214 ഡോസ് വാക്സിനുകളാണ് നശിപ്പിച്ചതെന്നും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനീകരമാകുന്ന ഒന്നും മറച്ചുവയ്ക്കാൻ നൈജിരിയയുടെ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിനുകൾ നശിപ്പിച്ചതോടെ നൈജീരിയയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ വിശ്വാസം കൈവന്നിട്ടുണ്ടെന്നും ഫൈസൽ കൂട്ടിച്ചേർത്തു.