crpf-women-commandos

ന്യൂ‌ഡൽഹി: രാജ്യത്തെ വി ഐ പി കളുടെ സുരക്ഷയ്ക്കായി ഇനി മുതൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ വനിതാ കമാന്ഡോകളും . രാജ്യത്ത് ഇതാദ്യമായാണ് സി ആർ പി എഫിന്റെ വനിതാ കമാന്ഡോകൾ വി ഐ പികളുടെ സുരക്ഷയ്ക്കായി രാജ്യത്തുടനീളമുളള യാത്രാ വേളകളിൽ അവരെ അനുഗമിക്കാൻ പോകുന്നത്.

ദേശീയ തലസ്ഥാനത്തെ ഇസഡ് പ്ലസ് കാറ്റഗറിയിലുളള നേതാക്കളുടെ സംരക്ഷണത്തിനായാണ് ഇവരെ നിയമിക്കുന്നത്. ഇതിനായി 32 വനിതാ കമാന്ഡോകൾ പത്താഴ്ചത്തെ പ്രത്യേക പരിശീലനം പൂർത്തിയാക്കി. ഒരു വി ഐ പി യാത്ര ചെയ്യുമ്പോൾ അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെങ്കിലും ആ വ്യക്തിക്ക് മുഴുവൻ സമയവും സുരക്ഷ നൽകുന്നത് സി ആർ പി എഫാണ്. ഓരോ വി ഐ പിക്കും ഒപ്പം അഞ്ച് മുതൽ ഏഴ് വരെ കമാന്ഡോകളാണ് ഉണ്ടാകുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ കൗർ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി ഡൽഹിയിലെ ഉന്നതരെ സംരക്ഷിക്കാനായാണ് വനിതാ കമാന്ഡോകളെ ആദ്യം വിന്യസിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പ് സമയത്തും വനിതാ കമാന്ഡോകളെ ഉൾപ്പെടുത്തും. ജനുവരി മുതൽ ഇവരെ വി ഐ പി സുരക്ഷയ്ക്കായി വിന്യസിക്കാനാണ് സാദ്ധ്യത.