
തിരുവനന്തപുരം: ലാഭനഷ്ടങ്ങളെ ഭയക്കാത്ത ഉറച്ച് നിലപാടിനൊരു പേരുണ്ടെങ്കിൽ അതാണ് പി.ടി. തോമസ്. നിയമസഭയിലെയും മറ്റും തോമസിന്റെ പോരാട്ടവീര്യം വച്ചുനോക്കുമ്പോൾ അകാലത്തിലുള്ളതും അപ്രതീക്ഷിതവുമാണ് ഈ വേർപാട്. പക്ഷേ, ഈ മരണത്തെ തോമസ് അറിയുന്നുവെങ്കിൽ അദ്ദേഹം ചിരിച്ചുകൊണ്ട് പറയും, 'ഇതെന്റെ രണ്ടാമത്തെ മരണമാണ്'
പി.ടിയുടെ ഒന്നാമത്തെ മരണം മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി നൽകിയ വിലമതിപ്പുള്ള നിർദ്ദേശങ്ങൾക്കു വേണ്ടിയുള്ള രക്തസാക്ഷിത്വമായിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണത്. അന്ന് ഇടുക്കി രൂപതയ്ക്ക് കീഴിലെ വൈദികരടക്കമാണ് തോമസിന്റെ ശവമഞ്ച ഘോഷയാത്ര നടത്തിയത്. 'മരണം വരുമൊരുനാളോർക്കുക, മർത്ത്യാ, കൂടെപ്പോരും നിൻ ജീവിതചര്യകളും...' എന്നുള്ള മരണാനന്തരച്ചടങ്ങിലെ പള്ളിപ്പാട്ടും ആ ഘോഷയാത്രയിൽ മുഴങ്ങിക്കേട്ടു. 2009ൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മുക്കാൽ ലക്ഷം വോട്ടിന്റെ വൻഭൂരിപക്ഷത്തിൽ ലോക്‌സഭയിലേക്ക് ജയിച്ച തോമസിന്, ഗാഡ്ഗിലിനോടുള്ള സമഭാവ നിലപാടിന്റെ പേരിൽ മാത്രം 2014ൽ സീറ്റ് നിഷേധിക്കപ്പെട്ടു. ഇടുക്കി, താമരശ്ശേരി രൂപതാ ബിഷപ്പുമാർ തോമസിന് നേരേ ശാപാസ്ത്രങ്ങളെയ്തു.
എൺപതുകളിലും തൊണ്ണൂറുകളിലും കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ പോർവീര്യമായിരുന്ന തോമസിനെ തുണയ്ക്കാൻ 2014ലെ തിരഞ്ഞെടുപ്പിൽ അവരും ധൈര്യപ്പെട്ടില്ല. അങ്ങനെ, ധീരരക്തസാക്ഷിയായ തോമസിനെ 2016ൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരൻ തുണച്ചപ്പോഴാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര നിയമസഭാ സീറ്റ് ലഭിച്ചതും അവിടെ നിന്ന് വിജയിച്ചതും. 2021 ലെ തിരഞ്ഞെടുപ്പിലും തൃക്കാക്കരയിൽ നിന്ന് സഭയിലെത്തി. അതിനിടെയാണ് അപ്രതീക്ഷിത വേർപാട്. നിലപാടുകളെ മുറുകെപ്പിടിച്ചപ്പോഴാണ് തോമസിന് നഷ്ടങ്ങളേറെയും സംഭവിച്ചത്. പാർട്ടിയിലെ സുഹൃത്തുക്കളുൾപ്പെടെ അകന്നു. പലപ്പോഴും വാദിച്ച് തോറ്റ പടനായകന്റെ പരിവേഷത്തിലായിരുന്നു അദ്ദേഹം. അതൊരിക്കലും അദ്ദേഹത്തിന്റെ മാറ്റ് കുറച്ചില്ല. കൂട്ടിയിട്ടേയുള്ളൂ.
ഗാഡ്ഗിൽ റിപ്പോർട്ട് പശ്ചിമഘട്ട മേഖലയിലെ കർഷകജനതയെ ദ്രോഹിക്കുന്നതല്ലെന്നും, മറിച്ച് അവരെ ഉൾക്കൊള്ളുന്നതാണെന്നും റിപ്പോർട്ട് ആഴത്തിൽ പഠിച്ച ശേഷമാണ് തോമസ് വിളിച്ചുപറഞ്ഞത്. പക്ഷേ ആ റിപ്പോർട്ട് കാണാത്തവരും, കണ്ടില്ലെന്ന് നടിച്ചവരും ഒറ്റക്കെട്ടായി എതിർത്തപ്പോൾ ഗാഡ്ഗിലിന്റെയും പി.ടി. തോമസിന്റെയുമൊക്കെ ശബ്ദം ദുർബലമായിപ്പോയി. 2018ലെ പ്രളയത്തിൽ തോമസിന്റെ ആ ശബ്ദം പിന്നെയും മുഴങ്ങിക്കേട്ടു.
എറണാകുളത്തെ മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐക്കാർ ജാവലിൻ കൊണ്ട് കുത്തിയിട്ടും തോമസ് രക്ഷപ്പെട്ട കഥയുണ്ട്. സുഹൃത്തായ വേണു രാജാമണി അമേരിക്കയിൽ നിന്നയച്ച കട്ടി കൂടിയ കടലാസിലെഴുതിയ കത്ത് തോമസ് മടക്കി പോക്കറ്റിലിട്ടിരുന്നതിനാൽ കുത്തേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് എ ഗ്രൂപ്പിന്റെ ആദർശങ്ങൾക്കൊത്ത് സഞ്ചരിച്ച തോമസിന്, പിന്നീട് കോൺഗ്രസുകാർ വീണ്ടുമൊന്നായപ്പോൾ കൈവന്നതാണ് കെ.എസ്.യു പ്രസിഡന്റ് പദവി. പക്ഷേ, കരുണാകരനോട് സന്ധി ചെയ്യാൻ കൂട്ടാക്കാത്ത നിലപാട് ആ പദവി നഷ്ടമാക്കി. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ സ്വന്തം പാർട്ടിക്കാർ പോലും ഒറ്റപ്പെടുത്തിയത് വേദനിപ്പിച്ചെന്ന് തോമസ് പറഞ്ഞിട്ടുണ്ട്. ഇടുക്കി ഹൈറേഞ്ചിലെ രാഷ്ട്രീയ പോരാളിയായിരുന്ന തോമസിന് ഗാഡ്ഗിലിനെ തുണച്ചതിന് ഹൈറേഞ്ചിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നത് സമീപകാല ചരിത്രം.
കരുണാകരനെതിരെ കെ.പി.സി.സി നേതൃയോഗങ്ങളിൽ തൊണ്ണൂറുകളിൽ തുറന്നടിക്കുമായിരുന്ന തോമസിനെ നേതാക്കൾ കണ്ടുനിന്നിട്ടുണ്ട്.
ഗ്രൂപ്പുകളിൽ മനംമടുത്തും ജനകീയ, പാരിസ്ഥിതി വിഷയങ്ങളെ പ്രണയിച്ചും നടന്ന തോമസിനെയും പിൽക്കാലത്ത് കണ്ടു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായത് തോമസിന്റെ ആത്മാർത്ഥത കണ്ടറിഞ്ഞുള്ള ഹൈക്കമാൻഡിന്റെ ഇംഗിതമനുസരിച്ചായിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ എം.എൽ.എമാരുടെ മനസ്സറിയാനെത്തിയ ഹൈക്കമാൻഡ് പ്രതിനിധികളോട്, സ്വന്തം പേര് നിർദ്ദേശിച്ചും തോമസ് വ്യത്യസ്തനായി.