raja

ബാഹുബലി സീരീസിലൂടെ രാജ്യത്തെ ഒന്നാം നമ്പർ സംവിധായകനായി മാറിയ രാജമൗലിയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ആർ.ആർ. ആറിലെ പ്രമുഖ താരങ്ങളും ഞായറാഴ്ച തലസ്ഥാനത്തെത്തുന്നു.ആർ.ആർ.ആറിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് രാജമൗലിയും ചിത്രത്തിലെ നായകന്മാരായ ജൂനിയർ എൻ.ടി.ആറും നായിക ആലിയഭട്ടും തലസ്ഥാനത്തെത്തുന്നത്. ഡിസംബർ 26 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതൽ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും പത്രപ്രതിനിധികൾക്കും മാത്രമാണ് പ്രവേശനം.രണം രധിരം, രൗദ്രം എന്നാണ് ആർ.ആർ.ആർ എന്ന പേരിന്റെ പൂർണരൂപം.400 കോടി മുതൽ മുടക്കിൽ ഡി.വി.വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ധനയ്യ നിർമ്മിക്കുന്ന ആർ.ആർ.ആർ കേരളത്തിലെത്തിക്കുന്നത് എച്ച്.ആർ പിക്ച്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവാണ്. 10 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ കേരളാറൈറ്റ് വിറ്റുപോയതെന്നാണ് വിവരം.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ഹൈദ്രാബാദ് നിസാമിനെതിരെയും പോരാടിയ സീതാരാമരാജു കോമരം ഭിം എന്നീ യുവവിപ്ലവകാരികളുടെ കഥ പറയുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ഒലിവിയ മോറീസ് സമുദ്രക്കനി, അലിസൺ ഡൂഡി, റേയ് സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരും വേഷമിടുന്നുണ്ട്.

കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥയൊരുക്കുന്നത്.ഛായാഗ്രഹണം:കെ.കെ. സെന്തിൽകുമാർ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, സംഗീതം: എം.എം. കീരവാണി.ജനുവരി 7ന് ലോകവ്യാപകമായി ആർ.ആർ.ആർ റിലീസ് ചെയ്യും.