haryana

ചണ്ഡിഗഡ്: പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തിയൊന്നായി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനിടെ ഉത്തരേന്ത്യയിൽ വൻ വിവാഹത്തിരക്ക്. നിയമം പ്രാബല്യത്തിലാകും മുൻപ് പെൺമക്കളെ വിവാഹം ചെയ്തു വിടാനുള്ള തിടുക്കത്തിലാണ് മിക്ക മാതാപിതാക്കളും. ഹരിയാനയിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഹരിയാനയിലെ നുഹ് ജില്ലയിലെ മുസ്ളിം ആധിപത്യമുള്ള മേഖലയായ മേവാത്തിലാണ് ഏറ്റവും അധികം വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ പിന്നാക്ക ജില്ലകളിൽ ഒന്നായ നുഹിൽ ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം ചെയ്തയക്കുന്ന പതിവുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നൂറിൽപ്പരം വിവാഹങ്ങളാണ് ഈ പ്രദേശത്ത് നടന്നത്. ഇവരിൽ എല്ലാവരും പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. തങ്ങളുടെ പെൺമക്കൾക്ക് അനുയോജ്യനായ വരനെ കണ്ടെത്തി നൽകണമെന്നുള്ള നിരവധി അപേക്ഷകൾ ദിവസേന ലഭിക്കാറുണ്ടെന്ന് പ്രദേശത്തെ മുസ്ളിം സാമുദായിക നേതാക്കളായ ഇമാമുകൾ പറയുന്നു. ഇത്തരം അപേക്ഷകൾ 'ആസാനി'നിടെ വിളിച്ചുപറയാറുണ്ടെന്നും ഇവർ പറഞ്ഞു.

സർക്കാരിന്റെ തീരുമാനം പുറത്തുവന്നതോടെ കോടതി വിവാഹങ്ങളും വർദ്ധിച്ചുവെന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ ജുഡീഷ്യൽ മാര്യേജിലൂടെ മിശ്ര വിവാഹത്തിനായുള്ള അപേക്ഷകളിലും വൻ വർദ്ധനവാണുണ്ടായത്.

അതേസമയം നുഹ് ജില്ലയിലെ നിരവധി പെൺകുട്ടികൾ വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യവുമായി ക്യാമ്പെയിൻ നടത്തിവരികയാണ്. ഇരുപത്തിയൊന്ന് വയസിന് താഴെയുള്ളവരുടെ വിവാഹത്തിന്റെ രജിസ്ട്രേഷൻ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ നിർത്തിവയ്ക്കണമെന്നാണ് ഹരിയാനയിലെ പെൺകുട്ടികൾ ആഗ്രഹിക്കുന്നതെന്ന് പ്രചാരണത്തിന് നേതൃത്വം നൽകുന്ന സുനിൽ ജഗ്ളാൻ പറഞ്ഞു.

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുരുഷന്മാരുടേതിന് സമാനമായി പതിനെട്ടിൽ നിന്ന് ഇരുപത്തിയൊന്നായി ഉയർത്താനുള്ള നിർദ്ദേശത്തിന് ഡിസംബർ പതിനഞ്ചിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. വനിതാ ശിശു വികസന മന്ത്രാലയം രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം രൂപീകരിച്ചത്. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.