
ക്രിസ്‌മസിന്റെ ഏറ്റവും വലിയ ആകർഷകങ്ങളിലൊന്ന് കേക്കാണ്. ക്രിസ്‌മസ് കാലത്ത് 'മെറി ക്രിസ്‌മസ്' ( Merry Christmas ) എഴുതിയ കേക്കുകൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനിക്കുന്നത് ലോകമെമ്പാടുമുള്ള പതിവ് കാഴ്‌ചയാണ്. എന്നാൽ, പാകിസ്ഥാനിൽ നിന്നും ഇപ്പോൾ വ്യത്യസ്‌തമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്.
കറാച്ചിയിലെ പ്രശസ്‌തമായ 'ഡെലിസിയ" എന്ന ബേക്കറി നിന്നും കേക്ക് വാങ്ങിയ യുവതിക്കാണ് വ്യത്യസ്‌തമായ അനുഭവം നേരിടേണ്ടി വന്നത്. കേക്കിൽ 'മെറി ക്രിസ്‌മസ് ' എഴുതണമെന്ന് പറഞ്ഞിട്ടും ജീവനക്കാർ എഴുതാൻ കൂട്ടാക്കിയില്ല.
തുടർന്ന് സെലസ്റ്റിയ നസീം ഖാൻ എന്ന യുവതി തന്റെ അനുഭവം ഫേസ്ബുക്കിൽ കുറിച്ചു. അതോടെ, സംഗതി വിവാദമായി. ബേക്കറി ന്യൂനപക്ഷത്തിനും അവരുടെ മതത്തിനും എതിരാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയാണെന്നും സെലസ്റ്റിയ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

സംഭവം വിവാദമായതോടെ ജീവനക്കാരനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ബേക്കറി. വിദ്യാഭ്യാസത്തിന്റെ കുറവോ സാമൂഹികബോധമോ ഇല്ലാത്തതു കൊണ്ടാകാം ജീവനക്കാരൻ ആശംസ എഴുതാൻ മടിച്ചതെന്നും അല്ലാതെ, തങ്ങൾക്ക് ക്രിസ്‌മസ് ആശംസകൾ നൽകുന്നതിൽ പ്രശ്‌നമൊന്നുമില്ലെന്നുമാണ് ഡെലിസിയ ബേക്കറി മാനേജ്‌മെന്റ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. തുടർന്ന് സംഭവത്തിൽ ഖേദവും പ്രകടിപ്പിച്ചു. എന്നാൽ ആദ്യമായിട്ടല്ല ഈ ബേക്കറിയിൽ നിന്നും ഇതുപോലൊരു സംഭവമുണ്ടാകുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2018ലും സമാനമായ സംഭവമുണ്ടായി. 'മെറി ക്രിസ്‌മസ് ' എഴുതാതെ കൊടുത്തതിനെ ചോദ്യം ചെയ്‌തപ്പോൾ തങ്ങളുടെ കമ്പനി നിർദേശമനുസരിച്ച് അങ്ങനെ ചെയ്യാൻ പറ്റില്ലെന്നായിരുന്നു അന്ന് ജീവനക്കാരന്റെ മറുപടി. എന്നാൽ, സംഭവം ചർച്ചയായതോടെ ജീവനക്കാരനെ പിരിച്ചുവിടുകയായിരുന്നു.