
മുൻ ബോളിവുഡ് താരവും ബിഗ്‌ബോസ് മത്സരാർത്ഥിയുമായിരുന്ന സന ഖാൻ ഉംറ നിർവഹിച്ചു. ഭർത്താവ് അനസ് സയ്യിദിനൊപ്പമാണ് യാത്ര. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സന തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
നാല് ദിവസം മുൻപാണ് യാത്രയുമായി ബന്ധപ്പെട്ടുള്ള ആദ്യ ചിത്രം സന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഭർത്താവിനൊപ്പം ഫ്ളൈറ്റിലിരിക്കുന്ന ചിത്രമായിരുന്നു അത്. കഴിഞ്ഞദിവസം മക്കയിലെ ഹോട്ടലിൽ നിന്നുള്ള വീഡിയോയും, നിരവധി ചിത്രങ്ങളും സന പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് സന ഗ്ലാമറസ് ലോകം വിട്ട് ഭക്തിയുടെ പാതയിലെത്തിയത്. പിന്നാലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്റെ പഴയ ചില ഗ്ലാമറസ് ചിത്രങ്ങളും നടി നീക്കം ചെയ്തിരുന്നു. സിനിമയും അഭിനയവും തന്റെ മതവിശ്വാസങ്ങളെ ബാധിക്കുന്നുവെന്നും, അതിനാൽ ഇത് അവസാനിപ്പിക്കുകയാണെന്നും സന വ്യക്തമാക്കിയിരുന്നു.