
മുംബയ്: പ്രഭാസ് നായകനായ ബാഹുബലിയിൽ ഐറ്റം ഡാൻസറായി എത്തിയ നോറ ഫത്തേഹിയുടെ കാർ മുംബയിൽ വച്ച് അപകടത്തിൽപ്പെട്ടു. ഒരു ഓട്ടോറിക്ഷയിലാണ് കാർ ഇടിച്ചത്. അപകടം നടക്കുമ്പോൾ നോറ വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഗായകൻ ഗുരു രൺദാവയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി നോറയെ വേദിയിൽ എത്തിച്ച ശേഷം മടങ്ങുന്ന വഴിയായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്.
മണിക്കൂറുകളോളം ഓട്ടോ ഡ്രൈവറോടും നാട്ടുകാരോടും തർക്കിച്ച നോറയുടെ ഡ്രൈവർ ഒടുവിൽ ആയിരം രൂപ നഷ്ടപരിഹാരം നൽകിയശേഷമാണ് സംഭവസ്ഥലത്ത് നിന്ന തടിയൂരിയത്. നോറയുടെ വാഹനമായിരുന്നു അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർക്ക് മനസിലാകാത്തത് പ്രശ്നം കൂടുതൽ വഷളാക്കിയില്ല.
കാനഡ സ്വദേശിയും നർത്തകിയുമായ നോറ കൂടുതലും ബോളിവുഡ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2015ലെ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന നോറ, ബാഹുബലി, ലോഫർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഐറ്റം ഡാൻസറായി എത്തിയിട്ടുണ്ട്. മലയാള ചിത്രങ്ങളായ കായംകുളം കൊച്ചുണ്ണി, ഡബിൾ ബാരൽ എന്നിവയിലും നോറ അഭിനയിച്ചിട്ടുണ്ട്.