medisep

സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ്പ് ' ഏറെ വിവാദങ്ങൾക്കുശേഷം പുതുവർഷദിനത്തിൽ പ്രാബല്യത്തിൽ വരികയാണ്. പദ്ധതി പൂർണരൂപത്തിൽ പ്രയോഗത്തിലാകാൻ രണ്ടോ മൂന്നോ മാസം കാത്തിരിക്കേണ്ടിവരും. ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളതു കൊണ്ടാണിത്.

മാരകമായത് ഉൾപ്പെടെ നിരവധി രോഗങ്ങളുമായി കഴിയേണ്ടിവരുന്ന ഇക്കാലത്ത് ഇൻഷ്വറൻസ് പരിരക്ഷയില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ല. രോഗചികിത്സ കൈയെത്തിപ്പിടിക്കാനാകാത്ത നിലയിൽ ഉയർന്നു പോകുന്നു. തരക്കേടില്ലാത്ത ശമ്പളമുള്ള കുടുംബങ്ങൾക്കുപോലും ആശുപത്രിബില്ലുകൾ താങ്ങാനാവുന്നില്ല. കുടുംബങ്ങളെ അമ്പേ തളർത്തുന്ന രോഗാവസ്ഥയ്ക്കൊപ്പം ചികിത്സാ ചെലവിലുണ്ടാകുന്ന വൻവർദ്ധന വലിയ പ്രശ്നമാകുന്നു.

മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും മെ‌ഡിസെപ്പിൽ അംഗത്വമെടുക്കേണ്ടിവരും. സിവിൽ സർവീസ് വിഭാഗക്കാർക്ക് മാത്രമേ ഇളവുള്ളൂ. ജീവനക്കാരോടൊപ്പം പങ്കാളികൾക്കും 25 വയസുവരെയുള്ള മക്കൾക്കും മാതാപിതാക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും പദ്ധതിയുടെ ഭാഗമാകും. സംസ്ഥാനത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതിയായി മാറും മെഡിസെപ്പ്.

ജീവനക്കാർ മാസംതോറും 500 രൂപ വിഹിതം നല്‌കണം. ഒരു വർഷം 6000 രൂപ എന്നത് ഇപ്പോഴത്തെ നിലയ്ക്ക് കൂടുതലല്ല. മാരകരോഗങ്ങൾക്ക് 18 ലക്ഷം രൂപവരെയുള്ള ചികിത്സയ്ക്ക് വ്യവസ്ഥയുണ്ട്. ചികിത്സയ്ക്ക് അതത് വർഷം തുക ക്ലെയിം ചെയ്യുന്നില്ലെങ്കിൽ ഒന്നരലക്ഷം രൂപ അടുത്ത വർഷത്തേക്ക് വകമാറ്റാം. മൂന്നാംവർഷമാകുമ്പോൾ ആറുലക്ഷം രൂപ ജീവനക്കാരന്റെ ഇൻഷ്വറൻസ് അക്കൗണ്ടിലുണ്ടാകും. മൂന്നാംവർഷവും ഉപയോഗിച്ചില്ലെങ്കിൽ ലാപ്സാകും. പദ്ധതിയുടെ കാലാവധി മൂന്നുവർഷമായിരിക്കും. അതിനുശേഷം പരിഷ്‌കരിക്കുകയോ തുടരുകയോ ചെയ്യും. പദ്ധതി നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്ത ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി നിശ്ചയിച്ചിട്ടുള്ള നിശ്ചിത ആശുപത്രികളിലെ ചികിത്സയ്ക്കുമാത്രമേ പരിരക്ഷ ലഭിക്കൂ. സർക്കാർ - സ്വകാര്യ മേഖലകളിലുള്ള മുന്നൂറിലധികം ആശുപത്രികളാണ് പട്ടികയിലുള്ളത്. 1920 രോഗങ്ങളും ചികിത്സാ പരിധിയിലുണ്ട്.

പദ്ധതിയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കാനുള്ള അവസരം നല്‌കേണ്ടതാണ്. ജീവനക്കാർ പൂർണ തൃപ്തരല്ലെന്നതു പദ്ധതി നീട്ടിക്കൊണ്ടുപോകാൻ കാരണമാകുന്നില്ല. മെ‌ഡിസെപ്പും പ്രയോഗതലത്തിലെത്തട്ടെ. പോരായ്മകൾ വഴിയേ പരിഹരിക്കാം. വർഷം മൂന്നുലക്ഷം രൂപയുടെ ചികിത്സ എന്നത് കുറവാണെന്ന് കരുതുന്നവർ നിരവധിയുണ്ടാകും. നിസാരരോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായവർക്കറിയാം ചികിത്സാ ചെലവിലെ ഏറ്റക്കുറച്ചിലുകൾ. അഞ്ചാറു ദിവസം കിടക്കേണ്ടി വന്നാൽ ബിൽ ലക്ഷവും കടന്നുപോയേക്കാം. അതിനാൽ മൂന്ന് ലക്ഷത്തിന്റെ പരിധി അത്ര അനാകർഷകമാണെന്നു പറയാനാവില്ല. പ്രത്യേകിച്ചും മഹാമാരിക്കാലത്ത്. അത്യാവശ്യ സന്ദർഭങ്ങളിൽ എം പാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിൽ അടിയന്തര ചികിത്സ തേടാൻ വ്യവസ്ഥയുള്ളത് ഉപകാരപ്പെടും. ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ കൊണ്ടുവരാനുള്ള ശ്രമവും തുടരണം. ലക്ഷക്കണക്കിനു ജീവനക്കാരും പെൻഷൻകാരും പദ്ധതിയുടെ ഭാഗമാകയാൽ ഇൻഷ്വറൻസ് കമ്പനിക്ക് വൻലാഭമാകും ഉണ്ടാവുക. അതനുസരിച്ച് പരാതിയുണ്ടാകാതെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കമ്പനിക്ക് ബാദ്ധ്യതയുണ്ട്. ഒ.പി.ചികിത്സയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതുകൊണ്ട് നിലവിലെ റീ ഇംപേഴ്സ് ചട്ടങ്ങളാണ് ബാധകം. ഏത് ഇൻഷ്വറൻസ് പദ്ധതിയിലും ഒ.പി. ചികിത്സയ്ക്ക് പരിരക്ഷ ലഭിക്കാറില്ല. മെഡിസെപ്പിലും അതിനു മാറ്റമില്ല. പെൻഷൻകാരുടെ പങ്കാളിയെ മാത്രമേ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നത് പെൻഷൻ സംഘടനകളുടെ എതിർപ്പിന് കാരണമായിട്ടുണ്ട്. എതിർപ്പുകൾ എങ്ങനെ ഇല്ലാതാക്കാനാവുമെന്ന് സർക്കാർ പരിശോധിക്കണം.