
മിന്നൽ മുരളിയുടെ സ്പീഡ് ടെസ്റ്റ് പരീക്ഷിച്ച് ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പർഹീറോ മൂവിയായ മിന്നൽ മുരളിയുടെ രണ്ടാം വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. നെറ്റ്ഫ്ളിക‌്സ് പുറത്തുവിട്ട വീഡിയോയിൽ മിന്നലിന്റെ ശക്തി പരീക്ഷിക്കാനെത്തുന്നത് ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ യുവരാജാണ്. പുറത്തുവിട്ട് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു.
സൂപ്പർ ഹീറോ ടെസ്റ്റിനെത്തുന്ന മിന്നൽ മുരളിയുടെ ആദ്യ വീഡിയോ അടുത്തിടെ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു.അമേരിക്കൻ സൂപ്പർഹീറോ ആകുന്നതിനായി റെസലിംഗ് താരം ദി ഗ്രേറ്റ് ഖാലിയുടെ ടെസ്റ്റിൽ പങ്കെടുക്കാനെത്തുന്ന മിന്നലിന്റെ വീഡിയോയും വൻ ഹിറ്റായിരുന്നു.
മിന്നൽ മുരളിയുടെ ട്രെയിലറിനും വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിംഗായ ട്രെയിലർ ഏറ്റവുമധികം ലൈക്കുകൾ ലഭിച്ച ട്രെയിലർ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രെയിലർ കണ്ടത്.
ഡിസംബർ ഇരുപത്തിനാലിനാണ് മിന്നൽ മുരളി പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. വീക്കെൻഡ് ബ്ളോക്ക്‌ബ്ളസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്.