
മുംബയ്: പരസ്പര സമ്മതതോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് പിന്മാറുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര പൽഖാർ സ്വദേശിയായ പുരുഷനെ കേസിൽ കുറ്റവിമുക്തനാക്കി കൊണ്ടാണ് ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 25 വർഷം നീണ്ടു നിന്ന നിയമനടപടികൾക്ക് ശേഷമാണ് ഇയാൾ കുറ്റവിമുക്തനാക്കപ്പെടുന്നത്. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പുരുഷൻ യുവതിക്ക് എന്തെങ്കിലും വാഗ്‌ദ്ധാനങ്ങൾ നൽകിയോ എന്ന തെളിയിക്കാൻ സാധിച്ചില്ലെന്നും അതിനാൽ വിവാഹം ചെയ്യാൻ വിസമ്മതിച്ചു എന്ന ഒറ്റകാരണത്താൽ ഇയാൾ കുറ്രക്കാരൻ ആണെന്ന് പറയാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
1996ൽ യുവതി ഫയൽ ചെയ്ത കേസിൽ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും പിന്നെ വാക്ക് മാറിയെന്നും പറയുന്നു. യുവതിയുടെ പരാതി അനുസരിച്ച് യുവാവിനെതിരെ ബലാത്സംഗം, വഞ്ചനാ എന്നീ വകുപ്പുകൾ ചേർത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എന്നാൽ കേസ് കേട്ട കീഴ്ക്കോടതി പ്രതിയെ വഞ്ചനാകുറ്റത്തിന് ശിക്ഷിക്കുകയും ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ വിധിക്കെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വ്യാജ വിവരങ്ങള്‍ നല്‍കിയോ വഞ്ചനയിലൂടെയോ അല്ല പെണ്‍കുട്ടിയുമായി യുവാവ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.