consumer-day

ഇന്ന് ദേശീയ ഉപഭോക്തൃദിനം . കേരളത്തെ രാജ്യത്തിലെ ഏറ്റവും ഉപഭോക്തൃസൗഹൃദമായ സംസ്ഥാനമാക്കിത്തീർക്കുന്നതിനുള്ള ചുവടുവയ്പുകൾ നാം ആരംഭിക്കുകയാണ്. സാർവത്രികമായ വിദ്യാഭ്യാസം, സമ്പൂർണ സാക്ഷരത, മികച്ച ആരോഗ്യ പരിപാലനരംഗം, കാര്യക്ഷമമായ ഭരണനിർവഹണം എന്നിവയെല്ലാം കേൾവികേട്ട ഈ കേരളമാതൃകയുടെ മുഖമുദ്രകളാണ്. കേവലം ദാരിദ്യനിർമ്മാർജ്ജനത്തിലും ദേശീയനയപ്രകാരമുള്ള ജനസംഖ്യാനിയന്ത്രണത്തിലും നാം ഏറെ മുന്നോട്ടുപോയി. മറ്റു പല വികസനമാനകങ്ങൾ പോലെ ഉപഭോഗനിരക്കിലും വികസിത രാജ്യങ്ങൾക്കൊപ്പമാണ് കേരളം. ധാന്യങ്ങളുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് മാത്രമല്ല ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങൾക്കും നാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അങ്ങനെ നാം ഒരു ഉപഭോക്തൃസംസ്ഥാനമായി മാറിയിരിക്കുന്നു.

ഒരു വികസിത സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന കേരളം ഉപഭോക്തൃ ശാക്തീകരണ കാര്യത്തിലും ലോകത്തിനു മാതൃകയാകണം.

ഉത്‌പാദന, സംസ്‌കരണ, വിതരണ, ഉപഭോഗപ്രക്രിയകളിൽ എല്ലായിടത്തും പ്രകൃതിവിഭവങ്ങളുടെ ചൂഷണം ആവശ്യമായി വരുന്നു. ഫാക്ടറികളും ഗതാഗത സംവിധാനങ്ങളും ഒന്നുമില്ലാതെ ഉത്‌പാദന വിതരണങ്ങൾ നടക്കില്ല. ഇവയെല്ലാം മാലിന്യകാരണങ്ങളും പ്രകൃതി ചൂഷകങ്ങളുമാണ്.


2019 ലെ ഉപഭോക്തൃ നിയമം എന്നറിയപ്പെടുന്ന പുതിയ ഉപഭോക്തൃ നിയമം 2020 ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വന്നു. നിരവധി ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കമിടുകയും നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യാൻ പുതിയ നിയമത്തിനു കഴിഞ്ഞിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപ വരെയുള്ള ഉപഭോക്തൃപരാതികൾ സമർപ്പിക്കാൻ ഫീസ് നല്‌കേണ്ടതില്ല. ഇന്ത്യയിലെവിടെ നിന്നും വാങ്ങുന്ന സേവനത്തെയോ ഉല്പന്നത്തെയോ കുറിച്ച് പരാതിയുണ്ടെങ്കിൽ ഉപഭോക്താവിന് സൗകര്യപ്രദമായ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ കേസ് ഫയൽ ചെയ്യാമെന്ന വ്യവസ്ഥ ഉപഭോക്താവിന് കൂടുതൽ ശക്തി നല്‌കുന്നു.

ഉപഭോക്തൃ ശാക്തീകരണത്തിനു പുതിയ മാനങ്ങൾ നല്‌കുന്ന 2019 ലെ ഉപഭോക്തൃ സംരക്ഷണനിയമം കേരളത്തിലും നടപ്പിലാക്കിയിട്ടുണ്ട്.
പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്തൃ ശാക്തീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. സംസ്ഥാനത്തെ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനുകളുടെ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെടുത്തണം. എങ്കിൽ മാത്രമേ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമെന്ന നേട്ടം കൈവരിക്കാൻ നമുക്ക് കഴിയുകയുള്ളൂ. കൂടുതൽ ജനപങ്കാളിത്തമുള്ള ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾ കൊണ്ടുവരണം.
ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനൊപ്പം ഉപഭോക്താക്കളെ അവരുടെ കടമകളെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. വാങ്ങുമ്പോൾ എപ്പോഴും ബില്ല്, വാറന്റി കാർഡ് എന്നിവ ചോദിച്ചു വാങ്ങുക. പാക്കറ്റിലാക്കിയ ഉത്‌പന്നങ്ങൾ വാങ്ങുമ്പോൾ പ്രത്യേകിച്ച് ഭക്ഷ്യ ഉല്പന്നങ്ങൾ വാങ്ങുമ്പോൾ ഉത്‌പന്നത്തിന്റെ എക്സ്പയറി, അതിലടങ്ങിയിരിക്കുന്നത് എന്തെല്ലാമാണ് എന്നൊക്കെ അറിയാൻ ലേബലുകൾ വായിക്കുക തുടങ്ങിയ ശീലങ്ങൾ നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്.
ഉപഭോക്തൃ തർക്കപരിഹാര സംവിധാനം, ബോധവത്‌കരണ സംവിധാനം, നിയമസഹായ സംവിധാനം, പരിശീലന സംവിധാനം തുടങ്ങിയ എല്ലാ ഘടകങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രമേ ഒരു സമൂഹത്തെ ഉപഭോക്തൃ സൗഹൃദമായി മാറ്റിയെടുക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ ഒരേ സമയം ഉപഭോക്തൃ സംരക്ഷണവും ഉപഭോക്തൃ ബോധവത്‌കരണവും മുന്നോട്ട് കൊണ്ടുപോകുന്നതും ഹരിത ഉപഭോക്തൃ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു ഉപഭോക്തൃ നയമാകണം കേരളം അനുവർത്തിക്കേണ്ടത്. മറ്റു പല രംഗങ്ങളിലെന്നതു പോലെ ഉപഭോക്തൃശാക്തീകരണ രംഗത്തും കേരളം ലോകത്തിനു മാതൃകയാകണം. ഉപഭോക്തൃ സംരക്ഷണത്തിൽ കേരളത്തെ ഉത്തമ മാതൃകയായി മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിസംബർ 18 മുതൽ 24 വരെ ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന, ഫോട്ടോഗ്രാഫി മത്സരങ്ങൾ, പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണ സെമിനാർ, ഉപഭോക്തൃബോധവത്കരണ പരസ്യചിത്രങ്ങളുടെ റിലീസ്, ഉപഭോക്തൃകേരളം ദ്വൈമാസികയുടെയും ബോധവത്കരണ ലഘുലേഖയുടേയും പ്രകാശനം എന്നിങ്ങനെ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.