mekha-emmanual-amal

തൃശൂർ: അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതികൾ മൃതദേഹം ആദ്യം കത്തിക്കാൻ തീരുമാനിച്ചിരുന്നതായി പൊലീസ്. കത്തിക്കാനായി കാമുകൻ ഇമ്മാനുവേലും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പെട്രോൾ പമ്പിൽ നിന്നും ഡീസൽ വാങ്ങിയതിന് തെളിവും പൊലീസിന് ലഭിച്ചു.

ഇന്ന് രാവിലെ 11മണിയ്ക്കാണ് മേഘയെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. പ്രസവം നടന്ന മുറിയും കുഞ്ഞിനെ മുക്കിക്കൊന്ന ബക്കറ്റും പൊലീസിനെ കാണിച്ചു. കുഞ്ഞിനെ പൊതിഞ്ഞ് ഇമ്മാനുവേലിന് കൈമാറിയ ബാഗും കണ്ടെടുത്തു. തുടർന്ന് ഇമ്മാനുവേലിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു, ഇവിടെ നിന്നാണ് മൃതദേഹം കത്തിക്കാനായി വാങ്ങിയ ഡീസൽ കണ്ടെത്തിയത്.

എന്നാൽ കത്തിക്കാൻ പറ്റിയ സാഹചര്യം ലഭിക്കാതിരുന്നതിനാൽ പാടത്ത് കുഴിച്ചുമൂടാൻ ശ്രമിച്ചെങ്കിലും സമീപത്ത് ആളുകൾ ഉണ്ടായിരുന്നതിനാൽ ആ പദ്ധതിയും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. വെള്ളത്തിൽ മുക്കിയതും തലയ്ക്കുണ്ടായ ക്ഷതവുമാണ് കുഞ്ഞിന്റെ മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവേലിന്റെയും ഡി എൻ എയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നിലവിൽ മൂന്നു പേരാണ് അറസ്റ്റിലായത്. വാരിയിടം മാമ്പാട് വീട്ടില്‍ 22കാരിയായ മേഘ, അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര ഇമാനുവല്‍ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമൽ (24) എന്നിവരാണ് പിടിയിലായത്. എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. മാനുവൽ പെയിന്റിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി എന്നാണ് മേഘയുടെ മൊഴി.