
കളിച്ചു നടക്കേണ്ട പ്രായത്തിൽ അഞ്ചു കോടി രൂപയുടെ വീടും സ്ഥലവും സ്വന്തമാക്കിയിരിക്കുന്ന ഒരു മിടുമുടുക്കി. ആസ്ട്രേലിയയിലെ മെൽബബിൽ നിന്നാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ച ഈ വാർത്ത വരുന്നത്. റൂബി മാക് ലെലൻ എന്ന ആറു വയസുകാരി ഇനി അറിയപ്പെടാൻ പോകുന്നത് ഏറ്റവും പ്രായം കുറഞ്ഞ റിയൽ എസ്റ്റേറ്റ് ബയർ എന്ന പേരിലാകും. റൂബി മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതിയെങ്കിൽ തെറ്റി, അവളുടെ പണത്തിനൊപ്പം അവളുടെ കുഞ്ഞനിയനും കുഞ്ഞനുജത്തിയും സ്വരൂപിച്ച പണവും ഇതിലേക്ക് ചേർത്തിട്ടുണ്ട്.
എവിടെ നിന്ന് ഇവർക്ക് പണം കിട്ടിയെന്ന് അറിയേണ്ടേ...? വീട്ടുജോലിയിൽ സഹായിച്ചും വാഹനം കഴുകാൻ സഹായിച്ചും പിതാവിന്റെ ബെസ്റ്റ് സെല്ലിംഗ് ബുക്ക് പാക്ക് ചെയ്യാൻ സഹായിച്ചും അവ വിറ്റുമൊക്കെ കിട്ടുന്ന തുകയാണ് ഈ സഹോദരങ്ങളുടെ സേവിംഗ്സ്. ഇങ്ങനെ കിട്ടിയ തുകയും പിതാവിന്റെ ചെറിയ സഹായവും ചേർത്ത് 671000 ഡോളർ ( ഏകദേശം 5 കോടി ) ഉപയോഗിച്ചാണ് ഇവർ സ്ഥലം വാങ്ങിയത്.
തെക്കു കിഴക്കൻ മെൽബണിലെ ക്ലൈഡ് എന്ന സ്ഥലത്താണ് ഭാഗികമായി പണി കഴിപ്പിച്ച വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. ഇവരുടെ പിതാവ് കാം മാക് ലെലൻ പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് വിദഗ്ദ്ധനാണ്. അടുത്ത 10 വർഷത്തിനുള്ളിൽ ഈ സ്ഥലത്തിന്റെ വില ഇരട്ടി ആകുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. 2032 ഓടു കൂടി സ്ഥലം വിറ്റ് തുക പങ്കിട്ടെടുക്കാനാണ് കുട്ടികളുടെ പ്ലാൻ.
അതേസമയം, വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെ കുട്ടികളുടെ ഈ നീക്കത്തെ ഏറെ പേരും അഭിനന്ദിക്കുകയാണ്. ഇതുപോലെ, ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തണമെന്ന ചിന്തയുണ്ടാക്കാൻ മാതാപിതാക്കൾ ശ്രമിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.