ajaz

വെല്ലിംഗ്ടൺ: ഇന്ത്യയ്ക്കെതിരെ വാങ്കഡേയിൽ ഒരിന്നിംഗ്സിൽ പത്ത് വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേൽ രണ്ടാഴ്ചയ്ക്കിപ്പുറം ന്യൂസിലൻഡ് ടീമിൽ നിന്ന് പുറത്ത്. ബംഗ്ലാദേശിനെതിരെ പുതുവത്സരദിനത്തിൽ നാട്ടിൽ തുടങ്ങുന്ന ടെസ്റ്ര് പരമ്പരയിൽ നിന്നാണ് അജാസിനെ ഒഴിവാക്കിയത്. രണ്ട് ടെസ്റ്റ് ഉൾപ്പെട്ട പരമ്പരയിൽ രചിൻ രവീന്ദ്രയാണ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുള്ളത്. പാർട്ട് ടൈം സ്പിന്നർ ഡാരിൽ മിച്ചലിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്.പരിക്കിനെത്തുടർന്ന് വിശ്രമത്തിലുള്ള കേൻ വില്യംസണ് പകരം ടോം ലതാമാണ് ടീമിനെ നയിക്കുന്നത്. അജാസിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും ഗ്രൗണ്ടും സാഹചര്യവും അനുസരിച്ചാണ് ടീമിനെ തരിഞ്ഞെടുത്തത് എന്നും ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് പറഞ്ഞു. ജിം ലേക്കറിനും അനിൽ കുംബ്ലെയ്ക്കും ശേഷം അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ ഒരിന്നിംഗ്സിൽ 10 വക്കറ്ര് വീഴ്ത്തിയ ഏക ബൗളറാണ് 33 കാരനായ അജാസ്.