umman-chandi

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് എം എൽ എ എന്നും ഒരു പോരാളിയായിരുന്നെന്ന് ഉമ്മൻചാണ്ടി. പി ടി തോമസ് ഇപ്പോഴും നമ്മളോടൊപ്പമില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

"അത്രമാത്രം നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനുമപ്പുറം എല്ലാവരുമായും സ്നേഹബന്ധവും കുടുംബ ബന്ധവും അദ്ദേഹം പുലർത്തിയിരുന്നു. ഈ ഒരു അടുപ്പമാണ് പി ടി തോമസിന് കേരളീയ സമൂഹം നൽകിയിട്ടുള്ള അംഗീകാരം. പി ടിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു പക്ഷേ ഒരിക്കലും അകൽച്ചയുണ്ടായിരുന്നില്ല. പി ടി തന്റെ നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാറില്ല. പക്ഷേ ചില സമയങ്ങളിൽ നിലപാടുകളോട് യോജിക്കാൻ പറ്റുമായിരുന്നില്ല. പി ടിയ്ക്ക് തെറ്റ് ചെയ്യുന്നു എന്ന തോന്നലില്ല കാരണം അത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. ഉദ്ദാഹരണമായി പറയാൻ സാധിക്കുന്നത് കസ്തൂരിരംഗൻ റിപ്പോർട്ടാണ്. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മനസിനെ അലട്ടിയിരുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം അവിടത്തെ കൃഷിക്കാരുടെ വികാരങ്ങളും അവരുടെ അസ്വസ്ഥതകളും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുമായിരുന്നില്ല. അക്കാര്യത്തിൽ ശക്തമായ നിലപാട് സ‌ർക്കാർ സ്വീകരിച്ചിരുന്നു. അതിന് വ്യത്യസ്തമായ നിലപാടാണ് പി ടി കൈക്കൊണ്ടത്. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ആരും ചോദ്യം ചെയ്തിട്ടില്ല.

കെ എസ് യുവിൽ പ്രവർത്തിക്കുന്ന കാലം മുതലുള്ള ബന്ധമാണ് ‌ഞങ്ങൾ തമ്മിലുള്ളത്. അത് കേവലം രാഷ്ട്രീയ ബന്ധം മാത്രമല്ല, മറിച്ച് സുഹൃത്ത് ബന്ധവും കൂടിയാണ്. ആ ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ പി ടി വളരെ പ്രാധാന്യം നൽകിയിരുന്നു. അതിന് വ്യക്തിപരമായ കർശന നിലപാടുകൾ ഒരിക്കലും തടസമായിരുന്നില്ല"-ഉമ്മൻ ചാണ്ടി പറഞ്ഞു.

പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എറണാകുളം ‌ടൗൺ ഹാളിൽ രാഹുൽ ഗാന്ധി എത്തി. പി ടിയുടെ ഭാര്യ ഉമയെയും മകനെയും ആശ്വസിപ്പിച്ചു. കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. പി ടിയുടെ ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ ടി സിദ്ദിഖ് എം എൽ എ വികാരഭരിതനായി. മന്ത്രി കെ കൃഷ്ണൻകുട്ടി അടക്കമുള്ള നേതാക്കൾ പി ടിയെ അനുസ്മരിച്ചു.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.