v

വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം തന്റടി ബീച്ചിൽ മത്സ്യബന്ധന വലയിൽ കുടുങ്ങിയ കൂറ്റൻ സ്രാവിനെ രക്ഷപ്പെടുത്തി. വംശനാശഭീഷണി നേരിടുന്നതും ലോകത്തെ ഏറ്റവും വലിയ മത്സ്യവുമായ തിമിംഗല സ്രാവ് അഥവാ വെയ്‌ൽ ഷാർക്കിനെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്.

വലയിൽ നിന്ന് പുറത്തെത്തിച്ച സ്രാവിനെ മത്സ്യത്തൊഴിലാളികളുടെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അധികൃതരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും മറ്റും നേതൃത്വത്തിൽ കടലിലേക്ക് തിരിച്ചയച്ചു. തിമിംഗല സ്രാവ് കടലിന്റെ ആഴങ്ങളിലേക്ക് സുരക്ഷിതമായി തിരികെ പോയതായി അധികൃതർ ഉറപ്പുവരുത്തി. തിമിംഗല സ്രാവുകൾ കുടുങ്ങുന്നതിലൂടെ മത്സ്യബന്ധന വലകൾക്ക് കേടുപാട് സംഭവിച്ചാൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

ലോകത്തെ മിക്ക കടലുകളിലും തിമിംഗല സ്രാവുകളുടെ സാന്നിദ്ധ്യമുണ്ട്. ഇവയ്ക്ക് 30 മുതൽ 60 അടി വരെ നീളം കാണും. 20 ടണ്ണിലേറെയാണ് ഈ ഭീമൻമാരുടെ ഭാരം. ശരീരത്തിൽ കാണപ്പെടുന്ന വെള്ള നിറത്തിലെ പുള്ളികളാണ് ഇവയുടെ പ്രത്യേകത.