food

ഡെറാഡൂൺ: ദളിത് സ്ത്രീ പാചകം ചെയ്‌തതിന്റെ പേരിൽ ഉച്ചഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് സ്‌കൂൾ കുട്ടികൾ. ഉത്തരാഖണ്ഡിലെ, ചമ്പാവത്ത് ജില്ലിയിലെ സുഖിധാംഗ് ഗ്രാമത്തിലെ സ്‌കൂളിലാണ് ഇത്തരമൊരു പ്രതിഷേധം. കുട്ടികൾക്ക് പിന്നാലെ രക്ഷിതാക്കളും ദളിത് സ്ത്രീയുടെ നിയമനം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

സുനിത എന്ന സ്ത്രീയെ നവംബർ 25 നാണ് ഭോജൻ മാതാ ആയി സ്‌കൂളിൽ നിയമിച്ചത്. ഉത്തരാഖണ്ഡിലെ സർക്കാർ സ്‌കൂളുകളിൽ ഉച്ച ഭക്ഷണം പാചകം ചെയ്യുന്നവരെ ഭോജൻ മാതാ എന്നാണ് വിളിക്കുന്നത്. ഡിസംബർ 14ന് സുനിത ഭക്ഷണം പാചകം ചെയ്‌തു തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കുട്ടികളെല്ലാം വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നാണ് ഇപ്പോൾ കഴിക്കുന്നത്.

തൊഴിൽ രഹിതനായ ഭർത്താവിന്റെയും രണ്ട് മക്കളുടെയും ഉത്തരവാദിത്തം സുനിതയുടെ ചുമലിലാണ്. 3000 രൂപയായിരുന്നു സ്‌കൂളിൽ നിന്നും പറഞ്ഞുറപ്പിച്ച വേതനം. വിദ്യാർത്ഥികൾ സുനിത പാകം ചെയ്‌ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുവെന്നത് സത്യമാണെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ പ്രേം ആര്യ പറയുന്നുണ്ട്.

നിയമപ്രകാരം തന്നെയാണ് സുനിതയുടെ നിയമനമെന്നും രക്ഷിതാക്കളാണ് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 230 കുട്ടികളിൽ 66 പേർക്കാണ് ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നത്. ഇപ്പോൾ ആരും സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കാത്ത അവസ്ഥയാണ്.