kodiyeri

തിരുവനന്തപുരം: കേരളത്തിൽ ആസൂത്രിത കലാപത്തിന് എസ് ഡി പി ഐയും ആ‌ർ എസ് എസും ശ്രമിക്കുന്നെന്ന് സി പി എം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകം അപലപനീയമാണെന്നും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

ആലപ്പുഴ സംഭവത്തിൽ ഇന്റലിജൻസിന്റെ ഭാഗത്ത് നിന്ന് പിഴവുണ്ടായിട്ടില്ലെന്നും രാഷ്ട്രീയമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് ആലപ്പുഴയിൽ നടന്നതെന്നും കോടിയേരി പറഞ്ഞു. പൊലീസ് അന്വേഷണം ഫലപ്രദമാണ്. കൊല നടത്തിയ ആർ എസ് എസും എസ് ഡി പി ഐയും പറയുന്നത് പൊലീസിന്രെ കുറ്റം കൊണ്ടാണ് കൊലപാതകം നടന്നതെന്നാണ്. ഒരു കൊലപാതകം നടന്നാൽ എസ് ഡി പി ഐക്ക് അത് ആഹ്ളാദമാണെന്നും ഇങ്ങനെയുള്ള സംഭവങ്ങളിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിക്കുക എന്ന സന്ദേശമാണ് ഇത്തരം പ്രവർത്തികൾ നൽകുന്നതെന്നും കൊടിയേരി പറഞ്ഞു.

സി പി എമ്മിനകത്തേക്ക് നുഴഞ്ഞുകയറാൻ എസ് ഡി പി ഐക്കാർക്ക് സാധിക്കില്ലെന്നും അങ്ങനെയുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പാ‌ർട്ടി ജനറൽ സെക്രട്ടറി പറഞ്ഞു. മുസ്ലീം വിഭാഗത്തിലുൾപ്പെട്ട എല്ലാവരെയും എസ് ഡി പി ഐക്കാർ എന്ന് ചിത്രീകരിക്കരുതെന്നും സി പി എമ്മിനുള്ളിൽ എല്ലാ വിഭാഗക്കാരുമുണ്ടെന്നും അതിന്റെ ഭാഗമായി എന്തെങ്കിലും വിരോധം വന്നാൽ എല്ലാവരെയും എസ് ഡി പി ഐക്കാരായി ചിത്രീകരിക്കുക എന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.