
ലണ്ടൻ : 5 -12 വയസിനും ഇടയിലുള്ള കുട്ടികൾക്ക് ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നല്കി ബ്രിട്ടൻ. കുട്ടികളിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഫൈസർ-ബയോഎൻടെക്കിന്റെ ലോവർ ഡോസിന് ബ്രിട്ടീഷ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട് റെഗുലേറ്ററി ഏജൻസി (എം.എച്ച്.ആർ.എ) അംഗീകാരം നല്കിയിരിക്കുന്നത്. ഒമിക്രോൺ സമൂഹ വ്യാപനമുണ്ടായതിനെ തുടർന്ന് ബ്രിട്ടനിലെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നിരുന്നു. അതേ സമയം രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നല്കിയിട്ടുണ്ട്. വർഷാവസാനത്തോടെ രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അതേ സമയം ഇസ്രയേലിന് പിന്നാലെ കൊവിഡ് നാലാം ഡോസ് നല്കുന്ന കാര്യം ബ്രിട്ടനും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.