
കൊല്ലം: ജില്ലയിലെ സമാധാനാന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാദ്ധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം പങ്കുവച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് കുരീപ്പുഴ തായ് വീട്ടിൽ സെയ്ദ് അലിയാണ് (28) പിടിയിലായത്. ആലപ്പുഴ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ സൈബർ പട്രോളിംഗിലാണ് സമൂഹ മാദ്ധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത്.
തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ കലാപം ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ പങ്കുവച്ചതായി കണ്ടെത്തി. നിരോധിത സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എസ്. നാസറുദ്ദീൻ, കൊല്ലം എ.സി.പി ജി.ഡി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസ്, വെസ്റ്റ് സബ് ഇൻസ്പെക്ടർമാരായ കെ.ജി. ശ്യാംകുമാർ, ഹസൻകുഞ്ഞ്, സി.പി.ഒമാരായ ഷെമീർ, ലിനു ലാലൻ, സിജോ കൊച്ചുമ്മൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.