cgbhbgyh

ബർലിൻ : ഇസ്രയേലിന് പിന്നാലെ രാജ്യത്ത് കൊവിഡ് നാലാം ഡോസ് നല്കുമെന്ന് പ്രഖ്യാപിച്ച് ജർമ്മനിയും. രാജ്യത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അതിവേഗം പടർന്നു പിടിക്കുന്ന ഒമിക്രോൺ വകഭേദത്തെ ചെറുക്കാൻ നാലാം ഡോസ് കൊവിഡ് വാക്സിൻ അത്യാവശ്യമാണെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി കാൾ ലാറ്റർബാച്ച് പറഞ്ഞു. ഇതിനായി ബയോഎൻടെക്കിൽ നിന്ന് ദശലക്ഷക്കണക്കിന് വാക്സിനുകൾക്കാണ് ജർമ്മനി ഓർഡർ നല്കിയിരിക്കുന്നത്. എന്നാൽ ഈ വാക്സിൻ ഡോസുകൾ അടുത്ത വർഷം ഏപ്രിലോടു കൂടിയേ എത്തുകയുള്ളു. അതിനാൽ ബൂസ്റ്റർ വാക്സിനേഷൻ പദ്ധതിക്കായി നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന മൊഡേണ വാക്സിൻ തന്നെ തുടരാനാണ് സർക്കാർ തീരുമാനം. പുതിയ കൊവിഡ് വാക്സിനുകളായ നൊവാവാക്സിന്റെ 4 മില്യൺ ഡോസുകളും വാൽനേവ വാക്സിന്റെ 11 മില്യൺ ഡോസുകൾക്കും ഓർഡർ നല്കിയതായി ലാറ്റർബാച്ച് കൂട്ടിച്ചേർത്തു. രാജ്യത്ത് ജനുവരി പകുതിയോടെ ഒമിക്രോൺ വകഭേദം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജർമ്മനിയിൽ 45,659 പുതിയ കൊവിഡ് കേസുകളും 510 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.