
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ തിരുവനന്തപുരം വിളപ്പിൽശാല കോനത്ത് വീട്ടിൽ ജ്യോതിഷി (35) നെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പടനിലം സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനും സുഹൃത്തിനും എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുകയായിരുന്നു. നിയമന ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് പലവട്ടം വിളിച്ചെങ്കിലും ഒഴിഞ്ഞുമാറി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകിയതിനെ തുടർന്നാണ് ജ്യോതിഷ് അറസ്റ്റിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പത്രപ്പരസ്യം നൽകി സംസ്ഥാനത്തെ നിരവധി പേരിൽ നിന്ന് ഇയാൾ ഇത്തരത്തിൽ പണം കൈപ്പറ്റിയതായി സംശയമുണ്ടെന്ന് എസ്.പി പറഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിക്കും. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.എം. ബൈജു, സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, എ.എസ്.ഐ അഭിലാഷ്, സി.പി.ഒ മാരായ റോണി അഗസ്റ്റിൻ, ജോസഫ്, ജിസ്മോൻ എന്നിവരും ഉണ്ടായിരുന്നു.