
രക്ഷപ്പെടാൻ വ്യാജനോട്ടെല്ലാം കത്തിച്ചു,
വൈഫൈ ഡോങ്കിൾ സുനീറിനെ കുടുക്കി
കൊച്ചി: പിറവത്ത് സീരിയൽ നിർമ്മാണത്തിന്റെ പേരിൽ ആഡംബര വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് നിർമ്മിച്ച സംഘത്തിൽ നിന്ന് 20 കെട്ട് നോട്ട് കൈപ്പറ്റിയ വയനാട് സ്വദേശി സുനീർ (38 ) ഒടുവിൽ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം പത്തനംതിട്ട കോന്നിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വ്യാജവിലാസത്തിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. മൂന്ന് ലക്ഷം രൂപ നൽകിയാണ് സുനീർ 20 കെട്ട് നോട്ട് വാങ്ങിയത്. ആനക്കൊമ്പ് കടത്ത് കേസിൽ പ്രതിയാണ്. കാടുകളിലടക്കം മെറ്റൽ ഡിറ്റക്ടറുമായി കറങ്ങിനടന്ന് അനധികൃതമായി ഖനനം ചെയ്തുവരികയായിരുന്നു ഇയാൾ.
കൊച്ചിയിൽ നിന്ന് കള്ളനോട്ട് കടത്തിയെന്ന വിവരത്തെതുടർന്ന് മാനന്തവാടി പൊലീസ് ഇയാളുടെ ഒരു വീട് റെയ്ഡ് ചെയ്തെങ്കിലും സുനീറിനെ കണ്ടെത്താനായില്ല. ഈ സമയം രണ്ടാം ഭാര്യക്കൊപ്പം മറ്റൊരു വീട്ടിലായിരുന്നു സുനീർ. വിവരമറിഞ്ഞ് പിടിക്കപ്പെടാതിരിക്കാൻ നോട്ടുകെട്ടുകൾ കത്തിച്ചുകളഞ്ഞ ശേഷം ഭാര്യസമേതം കടന്നുകളയുകയായിരുന്നു. തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് കഴിഞ്ഞു. പൊലീസിന്റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ വാട്സ്ആപ്പ് കാളുകളാണ് ഇയാൾ ചെയ്തിരുന്നത്. കോന്നിയിൽ വീടെടുത്ത ശേഷം ഇന്റർനെറ്റ് ഉപയോഗിക്കാൻ സുനീർ വൈഫൈ ഡോങ്കിൾ വാങ്ങിയിരുന്നു. ഇതിൽ ഉപയോഗിക്കാൻ സിമ്മെടുത്തതാണ് വിനയായത്. ക്രൈംബ്രാഞ്ച് എസ്.പി. എം.ബി. മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡിവൈ.എസ്.പി രാജ്മോഹന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് എസ്.ഐ ജോസ്, എസ്.ഐ. ബിനിലാൽ, എ.എസ്.ഐ. ജലീൽ, രാജീവ്, പ്രവീണ, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജൂലായ് 27നാണ് വ്യാജനോട്ട് നിർമ്മിച്ചിരുന്ന ഏഴംഗ സംഘത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
കുറ്റപത്രം നൽകി
തമിഴ്നാട് സ്വദേശിനിയുൾപ്പെട്ട പിറവം കള്ളനോട്ട് കേസിന്റെ കുറ്റപത്രം ക്രൈം ബ്രാഞ്ച് സമർപ്പിച്ചു. ആഡംബര ജീവിതത്തിനായി തമിഴ്നാട് സംഘത്തിനായി കള്ളനോട്ടടിച്ച് കടത്തുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രധാന കണ്ടെത്തൽ. നെടുങ്കണ്ടം മൈനർ സിറ്റി സ്വദേശി സുനിൽകുമാറാണ് (40) കേസിൽ ഒന്നാം പ്രതി. ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട്ട് എസ്റ്റേറ്റ് സ്വദേശികളായ തങ്കമുത്തു (60), സ്റ്റീഫൻ (31), ആനന്ദ് (24), കോട്ടയം കിളിരൂർ നോർത്ത് ചെറുവള്ളിത്തറ വീട്ടിൽ ഫൈസൽ (34), തൃശൂർ പീച്ചി വഴയത്ത് വീട്ടിൽ ജിബി (36), ചെന്നൈ ലക്ഷ്മി എന്നിവരാണ് മറ്റ് പ്രതികൾ. റാന്നി സ്വദേശി മധുസൂദനൻ (48), സുനീർ (38) എന്നിവരെ ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയിട്ടുള്ളത്. കൂടുതൽ തെളിവുശേഖരിച്ച് ഇവർക്കെതിരെ പിന്നീട് കുറ്റപത്രം നൽകും.