
വാഷിംഗ്ടൺ : കൊവിഡ് പ്രതിരോധ ഗുളികകൾക്ക് അംഗീകാരം നല്കി യു.എസ്. ഫൈസറിന്റെ ഗുളികയായ പാക്‌സ്ലോവിഡിനും മെർക്ക് എന്ന കമ്പനിയുടെ മോൽനുപിറാവിൽ ഗുളികയ്ക്കുമാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ( എഫ്.ഡി.എ )അംഗീകാരം നൽകിയത്. രാജ്യത്ത് ഒമിക്രോൺ മൂലം കേസുകൾ പ്രതിദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ മരുന്നുകൾ ഉപയോഗിക്കാൻ എഫ്.ഡി.എ അനുമതി നല്കിയത്. ഹൈ റിസ്ക് വിഭാഗത്തിലുള്ള 12 വയസിന് മുകളിലുള്ളവർക്കാണ് പാക്‌സ്ലോവിഡ് ഉപയോഗിക്കാൻ അനുമതി നല്കിയിട്ടുള്ളത്. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഹൈ റിസ്ക് വിഭാഗത്തിലുള്ള രോഗികളിൽ ആശുപത്രിവാസവും മരണവും 88 ശതമാനം വരെ കുറയ്ക്കാൻ പാക്‌സ്ലോവിഡിന് കഴിയുമെന്ന് കണ്ടെത്തിയെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഗവേഷണ വിഭാഗം ഡയറക്ടറായ പാട്രീസിയ കാവസോണി വ്യക്തമാക്കി.എന്നാൽ ഈ ഗുളികയെ ഒരിക്കലും വാക്സിന് പകരമായി കാണരുതെന്നും അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും എഫ്.ഡി.എ മുന്നറിയിപ്പ് നല്കി. മെർക്കിന്റെ മോൽനുപിറാവിൽ ഗുളിക റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സ് ആണ് വികസിപ്പിച്ചെടുത്തത്. ഹൈ റിസ്ക് രോഗികളിൽ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാൻ ഈ മരുന്നിന് സാധിച്ചതായി ക്ലിനിക്കൽ ട്രയലിൽ കണ്ടെത്തിയിരുന്നു.18 വയസ്സിന് താഴെയുള്ളവരിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് അനുമതിയില്ല. മോൽനുപിറാവിൽ എല്ലുകളുടെ വളർച്ചയെ ബാധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് എഫ്.ഡി.എ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഗർഭിണികൾ ഈ മരുന്ന് ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
അതേ സമയം പുതിയ ചികിത്സാ രീതിയെന്ന നിലയിൽ ഈ ഗുളികകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത് ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഗുളികളുടെ നിർമ്മാണം വേഗത്തിലാക്കാൻ വേണ്ട എല്ലാ സഹായവും കമ്പനികൾക്ക് യു.എസ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.