
ബംഗളൂരു: നിർബന്ധിത മതപരിവർത്തനം ശിക്ഷാർഹമായ കുറ്റമാക്കുന്ന വിവാദ മതപരിവർത്തന നിരോധന ബിൽ ( പ്രൊട്ടക്ഷൻ ഒഫ് റൈറ്റ് ടു ഫ്രീഡം ഒഫ് റിലിജിയൺ ബിൽ 2021 ) പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ കർണാടക നിയമസഭ പാസാക്കി.
ആഭ്യന്തരമന്ത്രി അരഗാ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച സഭയിൽ അവതരിപ്പിച്ച ബിൽ രണ്ട് ദിവസം നീണ്ട ചർച്ചകൾക്ക് ശേഷം ഇന്നലെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബിൽ ഇനി ഉപരിസഭയായ ലെജിസ്ലേറ്റിവ് കൗൺസിലും അംഗീകരിച്ച് ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഇന്നലെ സഭയുടെ നടുത്തളത്തിൽ ബഹളം വയ്ക്കുന്നതിനിടെയാണ് ബിൽ പാസാക്കിയത്.
സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം തുടരുന്നതിനിടെയാണ് ബിൽ പാസാക്കിയത്. നിർബന്ധിത മതമാറ്റം നടത്തുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ബില്ലിൽ പറയുന്നത്.
ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷാരോപണം. ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞാണ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്.
പ്രധാന വ്യവസ്ഥകൾ
നിർബന്ധിച്ചോ സമ്മർദ്ദം ചെലുത്തിയോ കബളിപ്പിച്ചോ, തെറ്റിദ്ധരിപ്പിച്ചോ, പ്രലോഭിപ്പിച്ചോ വിവാഹം വഴിയോ മതപരിവർത്തനം നടത്തുന്നത് കുറ്റകരം.
മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതും അതിന് കൂട്ടുനിൽക്കുന്നതും കുറ്റകരം
മതം മാറ്റപ്പെട്ട വ്യക്തിയുമായി ബന്ധപ്പെട്ട ആരു പരാതി നൽകിയാലും പൊലീസിന് കേസെടുക്കാം.
ജനറൽ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ 3 മുതൽ 5 വർഷം വരെ തടവും 25,000 രൂപ പിഴയും.
പ്രായപൂർത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷ വിഭാഗം, സ്ത്രീകൾ, എസ്.സി /എസ്.ടി എന്നിവരെ മതം മാറ്റിയാൽ മൂന്ന് മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും
കൂട്ടമതം മാറ്റം സംഘടിപ്പിക്കുന്നവർക്ക് മൂന്ന് മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും
മതപരിവർത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാം
നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മതം മാറേണ്ടവർ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ സമർപ്പിക്കണം. മജിസ്ട്രേറ്റ്, പൊലീസ് എന്നിവരുടെ അന്വേഷണത്തിൽ നിർബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാൽ രണ്ട് മാസത്തിന് ശേഷം അനുമതി ലഭിക്കും.
മതം മാറിയ വ്യക്തിക്ക് തൊട്ടു മുൻപുള്ള മതത്തിലേക്ക് തിരികെ പോകാൻ തടസമില്ല
ക്രിസ്ത്യൻ
പള്ളിയ്ക്ക് നേരെ
ആക്രമണം
ദക്ഷിണ കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിൽ 160 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിക്കുനേരെ ആക്രമണം. സെന്റ് ജോസഫ്സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കോലാറിൽ ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യൻ മത പുസ്തകങ്ങൾ കത്തിച്ചിരുന്നു.ഇന്നലെ പുലർച്ചെ 5.30നാണ് അക്രമണം നടന്നത്. മതപരിവർത്തന നിരോധന നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണിത്.