tiger

ന്യൂഡൽഹി : 2018 മുതലുള്ള കണക്ക് പ്രകാരം മദ്ധ്യപ്രദേശിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ചത്തത് 85 ഓളം കടുവകൾ. വനം മന്ത്രി കുൻവർ വിജയ് ഷാ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരമാണിത്. 32 കടുവ കുഞ്ഞുങ്ങളും ജീവൻ നഷ്ടപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. ഇന്ത്യയുടെ കടുവ സംസ്ഥാനമെന്നാണ് മദ്ധ്യപ്രദേശ് അറിയപ്പെടുന്നത്. അതേ സമയം, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കണക്ക് പ്രകാരം 2012 - 2020 കാലയളവിൽ മദ്ധ്യപ്രദേശിൽ 202 കടുവകളാണ് ചത്തത്. ഈ വർഷം മാത്രം 38 കടുവകളാണ് സംസ്ഥാനത്ത് ചത്തത്. നേരത്തെ, 2010ൽ പന്നാ ടൈഗർ റിസേർവിൽ വേട്ടയാടൽ വ്യാപകമാണെന്ന ആരോപണത്തെ തുടർന്ന് നഷ്‌ടമായ കടുവ സംസ്ഥാനമെന്ന പദവി 2012 ലാണ് മദ്ധ്യപ്രദേശ് തിരിച്ചുപിടിച്ചത്. 2010ൽ 300ൽ താഴെ കടുവകളായിരുന്നു മദ്ധ്യപ്രദേശിൽ. പിന്നീട് കടുവകളുടെ സംരക്ഷണം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. സംസ്ഥാനത്ത് നിലവിൽ 526 കടുവകളുണ്ട്.